നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർഥികൾക്ക് ജാമ്യം; കേസിന് താൽപര്യമില്ലെന്ന് കടയുടമ കോടതിയിൽ
NewsKerala

നായ്ക്കുട്ടിയെ മോഷ്ടിച്ച വിദ്യാർഥികൾക്ക് ജാമ്യം; കേസിന് താൽപര്യമില്ലെന്ന് കടയുടമ കോടതിയിൽ

കൊച്ചി: നെട്ടൂർ ‘പെറ്റ്സ് ഹൈവി’ൽ നിന്നു നായ്ക്കുട്ടിയെ മോഷ്ടിച്ച സംഭവത്തിൽ കേസ് വേണ്ടെന്ന് കടയുടമ. മുഹമ്മദ് ബാസിതാണ് കേസ് വേണ്ടെന്ന് കോടതിയെ അറിയിച്ചത്. പ്രതികളായ കർണാടകയിലെ എൻജിനീയറിങ് വിദ്യാർഥികൾ ശ്രേയ (23), നിഖിൽ (23), എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.

45 ദിവസം പ്രായമുള്ള സ്വിഫ്റ്റർ ഇനത്തിൽ പെട്ട 15,000 രൂപ വിലയുള്ള നായ്ക്കുട്ടിയെ മോഷ്ടിക്കപ്പെട്ട നാലു ദിവസത്തിനു ശേഷം കർണാടകയിലെ കർക്കലയിൽ ഇന്നലെയാണ് കണ്ടെത്തിയത്. ഇവിടേക്ക് കൊച്ചിയിൽ നിന്ന് 465 കിലോമീറ്റർ ദൂരമുണ്ട്. കേരളത്തിൽ വാരാന്ത്യം ആഘോഷിച്ചു ബൈക്കിൽ മടങ്ങവേ നിഖിലും ശ്രേയയും നെട്ടൂരിലെ ഷോപ്പിൽ നിന്ന് 28ന് രാത്രി ഏഴോടെയാണ് നായ്ക്കുട്ടിയെ മോഷ്ടിച്ചത്. പൂച്ചയെ വാങ്ങിക്കുമോ എന്നു ചോദിച്ചാണ് എത്തിയത്. ഹിന്ദിയിലായിരുന്നു സംസാരം. മാന്യമായ പെരുമാറ്റം ആയതിനാൽ സംശയം തോന്നിയില്ല. ജീവനക്കാരൻ പുറത്തേക്കു പോയ തക്കത്തിന് കൂടു തുറന്ന് നായ്ക്കുട്ടിയെ ഹെൽമറ്റിനുള്ളിൽ ഒളിപ്പിച്ചു കടത്തുകയായിരുന്നു.

കർണാടകയിലെ കർക്കലയിൽനിന്നുമാണ് നായ്ക്കുട്ടിയെയും പ്രതികളെയും കസ്റ്റഡിയിലെടുത്തത്. തുടർന്ന് ഇന്നലെ പുലർച്ചയോടെയാണു ഇവരെ പനങ്ങാട് സ്റ്റേഷനിൽ എത്തിച്ചത്. നായ്ക്കുട്ടിയെ മരട് മൃഗാശുപത്രിയിൽ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിനു ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് മോഷണം കണ്ടെത്തിയത്.

Related Articles

Post Your Comments

Back to top button