Latest NewsNewsSports

വിമര്‍ശകരുടെ വായടപ്പിച്ച് ഏകദിന ശൈലിയില്‍ അര്‍ധസെഞ്ച്വറിയുമായി പന്ത്

കേപ് ടൗണ്‍: വിമര്‍ശകരുടെ വായടപ്പിച്ച് ഏകദിന ശൈലിയില്‍ അര്‍ധസെഞ്ച്വറിയുമായി ഋഷഭ് പന്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായകമായ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ അര്‍ധസെഞ്ചുറിയുമായി പട നയിക്കുന്ന ഋഷഭ് പന്തിന്റെ മികവില്‍ ഇന്ത്യ ഭേദപ്പെട്ട ലീഡിലേക്ക്. മൂന്നാം ദിനം ഉച്ചഭക്ഷണത്തിനായി കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ് ഇന്ത്യ.

പന്ത് 51 റണ്‍സോടെയും വിരാട് കോഹ്‌ലി 28 റണ്‍സോടെയും ക്രീസില്‍. പിരിയാത്ത അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 72 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇന്ത്യയ്ക്കിപ്പോള്‍ 143 റണ്‍സ് ലീഡുണ്ട്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സുമായി മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക്, ഇന്ന് ആദ്യ ഓവറില്‍ ചേതേശ്വര്‍ പൂജാരയുടെയും രണ്ടാം ഓവറില്‍ അജിന്‍ക്യ രഹാനെയുടെയും വിക്കറ്റ് നഷ്ടമായി. സ്‌കോര്‍ ബോര്‍ഡില്‍ ഇന്ന് ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇരുവരും പുറത്തായത്. പൂജാര ഒന്‍പത് റണ്‍സെടുത്തും രഹാനെ ഒരു റണ്ണെടുത്തുമാണ് കീഴടങ്ങിയത്.

33 പന്തില്‍ രണ്ടു ഫോറുകളോടെ ഒന്‍പതു റണ്‍സെടുത്ത പൂജാരയെ മൂന്നാം ദിനത്തിലെ ആദ്യ ഓവറില്‍ത്തന്നെ മാര്‍ക്കോ ജാന്‍സന്‍ പുറത്താക്കി. പിന്നാലെ വന്ന അജിന്‍ക്യ രഹാനെ കഗീസോ റബാദയ്ക്കും വിക്കറ്റ് സമ്മാനിച്ച് പുറത്തായി. ഒന്‍പത് പന്തില്‍ ഒരേയൊരു റണ്ണുമായി ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനു ക്യാച്ച് സമ്മാനിച്ചാണ് രഹാനെ മടങ്ങിയത്. ഇതോടെ തലേന്നത്തെ സ്‌കോറിനോട് ഒരു റണ്‍ കൂട്ടിച്ചേര്‍ക്കുമ്പോഴേയ്ക്കും ഇന്ത്യയ്ക്ക് നഷ്ടമായത് രണ്ട് നിര്‍ണായക വിക്കറ്റുകള്‍.

എന്നാല്‍ അഞ്ചാം വിക്കറ്റില്‍ വിരാട് കോഹ്‌ലിക്കൊപ്പം ഋഷഭ് പന്ത് ചേര്‍ന്നതോടെയാണ് ഇന്ത്യ ശ്വാസം വിട്ടത്. തുടക്കം മുതലേ ആക്രമണത്തിനുള്ള മൂഡിലായിരുന്നു പന്ത്. ഒരുവശത്ത് കോഹ്‌ലി വിക്കറ്റ് കാത്ത് ഉറച്ചുനിന്നതോടെ പന്ത് ആക്രമണം തുടര്‍ന്നു. 58 പന്തില്‍ നാലു ഫോറും ഒരു സിക്‌സും സഹിതം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ അര്‍ധസെഞ്ചുറിയും പന്ത് കുറിച്ചു. മറുവശത്ത് ഇതുവരെ 127 പന്തുകള്‍ നേരിട്ട കോലി നാലു ഫോറുകള്‍ സഹിതം 28 റണ്‍സാണ് എടുത്തിരിക്കുന്നത്.

Related Articles

Back to top button