ബലൂണും സൂചിയും നൂലും രാഷ്ട്രീയ ആയുധങ്ങളാകുന്നു
NewsKeralaPolitics

ബലൂണും സൂചിയും നൂലും രാഷ്ട്രീയ ആയുധങ്ങളാകുന്നു

വി.എന്‍. അന്‍സല്‍

കണ്ണൂര്‍: സൂചിയും നൂലും തമ്മിലുള്ളത് ഇഴ ചേര്‍ന്നുള്ള ബന്ധം. എന്നാല്‍ ബലൂണുമായി സൂചിക്കും നൂലിനുമുള്ളത് അജ ഗജാന്തര ബന്ധവും. എന്നാല്‍ വര്‍ത്തമാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇവ മൂന്നും തമ്മിലുള്ളത് ഇഴ പിരിക്കാനാകാത്ത ബന്ധമാക്കി മാറ്റിയിരിക്കുന്നു.

മാധ്യമങ്ങള്‍ ഊതി വീര്‍പ്പിക്കുന്ന ബലൂണ്‍ വാര്‍ത്തകളാണ് ശശി തരൂര്‍ എം.പിയുടെ കണ്ണുരുള്‍പ്പെടെയുള്ള മലബാര്‍ പര്യടന വാര്‍ത്തകളെന്നു പറഞ്ഞ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് ബലൂണിനെ രാഷ്ട്രീയ ഇടനാഴിയില്‍ കൊണ്ടിട്ടത്. ഒരു സൂചി തട്ടിയാലത് പൊട്ടിപ്പോകുമെന്ന് പറഞ്ഞ് സൂചിയെയും ഇവിടെയിട്ടു ഞങ്ങള്‍ ബലൂണുകളല്ലെന്നും പൊട്ടിപ്പോകില്ലെന്നും പറയാനും സതീശന്‍ മറന്നില്ല.

ഉരുളക്കുപ്പേരിയായി ശശി തരൂര്‍ മറുപടിയുമായെത്തിയത് രാഷ്ട്രീയ അടവുകളുടെ തമ്പുരാനായ കെ.കരുണാകരന്റെ മണ്ണിലാണ്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അനുഗ്രഹാശിസുകളോടെയുള്ള മറുകുത്തില്‍ തരുര്‍ ബലൂണിനും സൂചിക്കും പുറമെ നൂലിനെ കൂടി കൊണ്ടുവന്നിരിക്കുകയാണ്. ബലൂണ്‍ പൊട്ടിയാല്‍ തുന്നിച്ചേര്‍ക്കാനുള്ള സൂചിയും നൂലും താന്‍ നല്‍കാമെന്നായിരുന്നു തരൂരിന്റെ വാഗ്ദാനം. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. തനിക്കാരെയും ഭയമില്ലെന്നും ആരോടും വെറുപ്പില്ലെന്നും വ്യക്തമാക്കിയ തരൂര്‍ രണ്ടു എംപിമാര്‍ പൊതുവേദികളില്‍ പങ്കെടുത്താല്‍ എന്താണ് പ്രശ്‌നമെന്ന ചോദ്യമുന്നയിക്കുകയും ചെയ്തു. ഇതിനെയെന്തിനാണ് ചിലര്‍ ഭയക്കുന്നത്? തരൂരിന്റെ ചോദ്യമവസാനിക്കുന്നില്ല. ഇതിലെന്താണ് വിഭാഗീയതയെന്ന് എനിക്കറിയില്ല. കോണ്‍ഗ്രസിനെ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു പര്യടനം. വിഭാഗീയത ആരോപിക്കുന്നവര്‍ എന്താണ് വിഭാഗീയതയെന്നു വ്യക്തമാക്കണമെന്നു കൂടി പറയുന്നു. ഇതാര്‍ക്കെതിരെയുമല്ല. അഖിലേന്ത്യ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള വേളകളില്‍ എം.കെ. രാഘവന്‍ എംപിയോടൊപ്പമുള്ളവരുമായി ഒരുമിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. മലബാര്‍ മേഖലകളില്‍ നിന്ന് പല പരിപാടികള്‍ക്കും ക്ഷണമുണ്ടാകാറുണ്ട്. എന്നാല്‍ ‘ പലപ്പോഴും പങ്കെടുക്കാന്‍ കഴിയാറില്ല. ഇതിനൊരു പരിഹാരം കൂടിയായാണ് മലബാര്‍ പര്യടനം നടത്തുന്നതെന്ന് തരൂര്‍ പറഞ്ഞുവെക്കുന്നു.

ശശി തരൂരിന്റെ കൂടെ തന്നെയുള്ള എം.കെ. രാഘവനും ബലൂണിനെയും സൂചിയെയും വിടാന്‍ തയ്യാറായില്ല.മാത്രമല്ല, വി.ഡി.സതീശനുള്ള മറുപടിയില്‍ സൂചിയുപയോഗിച്ചു കൊണ്ടു തന്നെ കുത്തുകയും ചെയ്തു. തനിക്ക് ബലൂണിനോടും സൂചിയോടും മാത്രമല്ല, കുത്താന്‍ വരുന്ന കൈകളോടു പോലും ബഹുമാനമുണ്ടെന്നായിരുന്നു രാഘവന്‍ എം.പിയുടെ പ്രതികരണം. ശശി തരൂരിന്റെ പരിപാടികള്‍ ഒരു തരത്തിലുമുള്ള വിഭാഗീയതയല്ല. കോണ്‍ഗ്രസിനെ ശക്തമാക്കുകയാണ് ലക്ഷ്യം. എന്നാല്‍ ചിലരിതു സംബന്ധിച്ച് ദുര്‍വ്യാഖ്യാനങ്ങളുണ്ടാക്കുകയാണ്. തരൂരിന്റെ കോഴിക്കോട് പരിപാടി തടഞ്ഞവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എഐസിസിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നു അറിയിച്ച അദ്ധേഹം ഇക്കാര്യത്തില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

എന്തായാലും സൂചിയും നൂലും ബലൂണുമൊക്കെ സംസ്ഥാനത്തെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പല സൂചനകളും നല്‍കുന്നുണ്ട്. ഏതൊക്കെ സൂചികളുപയോഗിച്ച് ഏതൊക്കെ ബലൂണുകളാണ് പൊട്ടിക്കുകയെന്നും അപ്പോള്‍ സൂചിയും നൂലും ഉപയോഗിച്ച് ഇത് തുന്നിക്കെട്ടുമോയെന്നൊക്കെ വരും നാളുകളിലറിയാം…

Related Articles

Post Your Comments

Back to top button