Latest NewsNewsWorld

റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്

ധാക്ക: റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കെതിരെ നടപടി കടുപ്പിച്ച് ബംഗ്ലാദേശ്. ബംഗ്ലാദേശിന്റെ വിവിധ ഭാഗങ്ങളിലായി ഇരുടെ മൂവായിരത്തോളം കടകളാണ് നിയമവിരുദ്ധമാണെന്ന്് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഇടിച്ചുപൊളിച്ചത്. രാജ്യത്ത് റോഹിങ്ക്യകളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ അനധികൃതമായി കടകള്‍ നടത്തുന്നുണ്ടെന്നും ബംഗ്ലാദേശ് ഡെപ്യൂട്ടി അഭയാര്‍ഥി കമ്മീഷണര്‍ ഷംസുദ് ദൗസ പറഞ്ഞു.

അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ദൗസ വ്യക്തമാക്കി. അവര്‍ക്ക് അഭയകേന്ദ്രങ്ങള്‍ ആവശ്യമാണ്. എന്നാല്‍ നിയമവിരുദ്ധമായി ഇവര്‍ സ്ഥാപിക്കുന്ന കടകള്‍ അനുവദിക്കാനാകില്ലെന്നും ഷംസുദ് ദൗസ പറഞ്ഞു. റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്ക് നിത്യോപയോഗ സാധനങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ദുരിതാശ്വാസ സംഘടനകള്‍ ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ തങ്ങള്‍ ജീവിക്കാന്‍ പാടുപെടുകയാണെന്നാണ് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ പറയുന്നത് . റോഹിങ്ക്യന്‍ കുടുംബങ്ങള്‍ വലുതാണ്, അവര്‍ക്ക് നല്‍കുന്ന ഭക്ഷണത്തിന്റെ അളവ് കുറവാണ്. കടകളില്‍ നിന്നുള്ള വരുമാനത്തെയാണ് പല കുടുംബങ്ങളും ആശ്രയിച്ചിരുന്നതെന്നും റോഹിങ്ക്യന്‍ കമ്മ്യൂണിറ്റി നേതാവും അവകാശ പ്രവര്‍ത്തകനുമായ ഖിന്‍ മൗംഗ് പറഞ്ഞു. നിലവില്‍ 8,50,000 റോഹിങ്ക്യന്‍ സമുദായാംഗങ്ങള്‍ ബംഗ്ലാദേശിലെ വിവിധ ക്യാമ്പുകളില്‍ താമസിക്കുന്നുണ്ട്.

Related Articles

Back to top button