CrimeLatest NewsNationalNews

യാചക ബാലികയെ കൂട്ടബലാത്സംഗം ചെയ്തു; കേസെടുക്കാതെ പോലീസ്

ഹൈദരാബാദ്: യാചക ബാലികയെ പത്ത് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നാടായ വൈഎസ്ആര്‍ ജില്ലയിലെ പ്രോടത്തൂരിലാണ് ഈ നികൃഷ്ട സംഭവം നടന്നത്. പീഡന വിവരം പോലീസില്‍ അറിയിച്ചെങ്കിലും ആദ്യം കേസെടുക്കാന്‍ പോലും അവര്‍ തയാരായില്ല. ഇതോടെ പ്രോടത്തൂരിലെ ജനങ്ങള്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ചെമ്പു എന്ന യുവാവും സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. അലങ്കാരപ്പണികള്‍ ചെയ്യുന്ന ജോലിക്കായാണ് ചെമ്പു പ്രോടത്തൂരിലെ ബന്ധുവീട്ടില്‍ എത്തിയത്. പ്രദേശത്തെ ഇസ്ലാംപുരത്തുള്ള മസ്ജിദില്‍ യാചകയായിരുന്നു പെണ്‍കുട്ടി. കുട്ടിയുടെ പിതാവ് പ്രദേശത്തെ മറ്റൊരു ക്ഷേത്രത്തിലും യാചകനാണ്. മാതാവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ മരിച്ചുപോയിരുന്നു. പിതാവിന് പീഡന വിവരം അറിയില്ലായിരുന്നു. നിരന്തരം പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇതോടെ പ്രദേശത്തെ ജനങ്ങള്‍ പോലീസിനെ വിവരം അറിയിച്ചു. സംഭവം അറിഞ്ഞ പോലീസ് കോണ്‍സ്റ്റബിള്‍ മല്ലേശ്വരി പെണ്‍കുട്ടിയുമായി സംസാരിച്ച് കാര്യങ്ങള്‍ മനസിലാക്കി പ്രതികളെ തിരിച്ചറിഞ്ഞു. കുട്ടി പറയുന്നതെല്ലാം മല്ലേശ്വരി വീഡിയോയിലും പകര്‍ത്തിയിരുന്നു.ശേഷം ഇവര്‍ വിവരം സിഐയെ അറിയിച്ചു. ഇതോടെ പോലീസ് സംരക്ഷണത്തിനായി അമൃത് നഗറിലെ റൂറല്‍ പോലീസ് പരിധിയിലുള്ള അഭയ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റി.

എന്നാല്‍ സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ പോലീസ് തയ്യാറായില്ല. ഇതോടെയാണ് പ്രതിഷേധം ശക്തമായത്. മുഖ്യമന്ത്രിയുടെ നാട്ടില്‍ നടന്ന സംഭവത്തില്‍ പോലീസ് അലംഭാവം കാണിച്ചതോടെ സര്‍ക്കാരിനെതിരെയും പോലീസിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. വിമര്‍ശനം രൂക്ഷമായതോടെ ഡിഎസ്പി പ്രസാദ് റാവു കേസില്‍ ഇടപെട്ടു. സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പ്രതികളാരും രക്ഷപ്പെടില്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button