ബംഗാൾ സ്വദേശി തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; എസ്‌ഐആറിൽ ഭയന്ന് ജീവനെടുത്തതെന്ന ആരോപണവുമായി തൃണമൂൽ കോൺഗ്രസ്

പശ്ചിമ ബംഗാളിൽ സ്വദേശി ജീവനൊടുക്കിയത് തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന്റെ ഭാഗമായി പൗരത്വം തെളിയിക്കേണ്ട ഗതികേട് ഓർത്തെന്ന് തൃണമൂൽ കോൺഗ്രസ്. പുർബ ബർദമൻ ജില്ലയിൽനിന്നുള്ള അതിഥി തൊഴിലാളിയായ ബിമൽ സൻത്രയാണ് ജോലി തേടി എത്തിയതിന് പിന്നാലെ തമിഴ്നാട്ടിൽ ആത്മഹത്യ ചെയ്തത്.
ബിജെപിയുടെ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും മറ്റൊരു ഇര എന്നാണ് മരണ വാർത്തയ്ക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസ് എക്‌സിൽ പ്രതികരിച്ചത്. സമാന കാരണത്താൽ കഴിഞ്ഞ ദിവസങ്ങളിലായി മൂന്ന് പേരാണ് ആത്മഹത്യ ചെയ്തതെന്ന് തൃണമൂൽ ആരോപിച്ചു.
എൻആർസിയെ പഴിച്ചാണ് 57കാരനായ പ്രദീപ് കർ, ജിത്പുരിൽ നിന്നുള്ള 63കാരൻ, 95കാരനായ കിദിഷ് മജുംദർ എന്നിവർ ജൂവനൊടുക്കിയതെന്ന് തൃണമൂൽ പറയുന്നു. ജോലി തേടി തമിഴ്‌നാട്ടിലേക്ക് താമസം മാറിയ ബിമൽ സൻത്രയെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് മരിക്കുകയായിരുന്നു. എസ്‌ഐആർ പ്രഖ്യാപനത്തിന് പിന്നാലെ അദ്ദേഹം മാനസിക സംഘർഷത്തിലായിരുന്നുവെന്ന് കുടുംബം പറഞ്ഞു.
ബംഗാളിൽ നടക്കുന്നത് എസ്‌ഐആർ കൊലയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച വോട്ടർപട്ടിക പ്രത്യേക പരിഷ്‌കരണത്തെ മമത എതിർത്തിരുന്നു. സുരക്ഷാ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ബൂത്ത് ലെവൽ ഓഫീസർമാരും പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് നിവേദനം നൽകിയിരുന്നു. ഭരണകക്ഷിയും പ്രതിപക്ഷവും ഭീഷണിപ്പെടുത്തുന്നുവെന്ന് കാണിച്ചാണ് പരാതി നൽകിയത്.
Tag: Bengal native found dead in Tamil Nadu; Trinamool Congress alleges he committed suicide out of fear of SIR



