ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കിയില്ല; കടയില്‍ കയറി ആക്രമണം
NewsKeralaPoliticsLocal News

ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കിയില്ല; കടയില്‍ കയറി ആക്രമണം

കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വം നല്‍കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നല്‍കാത്തതിന് കടയില്‍ കയറി ആക്രമണം. സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്പെന്റ് ചെയ്തു. കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീന്‍, ഡിസിസി അംഗം കുന്നിക്കോട് ഷാജഹാന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇത്തരം നടപടികള്‍ അംഗീകരിക്കാനാവില്ലെന്നും കോണ്‍ഗ്രസ് ആശയങ്ങള്‍ക്കെതിരാണ് ഇവര്‍ പ്രവര്‍ത്തിച്ചതെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ പ്രതികരിച്ചു.

കുന്നിക്കോട്ടെ പച്ചക്കറി വ്യാപാരിയായ അനസിന്റെ കടയിലാണ് അക്രമം നടന്നത്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെയായിരുന്നു സംഭവം. ഭാരത് ജോഡോ യാത്രയുടെ കൊല്ലത്തെ പര്യടനവുമായി ബന്ധപ്പെട്ട് പ്രദേശിക കോണ്‍ഗ്രസ് നേതാക്കള്‍ കഴിഞ്ഞ ദിവസം പിരുവുമായി എത്തുയകായിരുന്നു. രണ്ടായിരം രൂപയുടെ രസീത് അനസിന് എഴുതി നല്‍കി. പണം വാങ്ങാനെത്തിയപ്പോള്‍ അഞ്ഞൂറ് രൂപ മാത്രമേ നല്‍കാനാവൂ എന്ന് അനസ് പറയുകയും. എന്നാല്‍, രണ്ടായിരം തന്നെ വേണമെന്ന് നേതാക്കള്‍ നിര്‍ബന്ധം പിടിക്കുകയും പിന്നീടത് തര്‍ക്കത്തിലേക്ക് കലാശിക്കുകയുമായിരുന്നു. സംഭവത്തില്‍ കടയുടമ കുന്നിക്കോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ അക്രമം നടത്തിയിട്ടില്ലെന്നും സിപിഎം നേതാക്കള്‍ ഭാരത് ജോഡോ യാത്രയെ ആക്ഷേപിക്കാന്‍ പ്രശ്‌നങ്ങളുണ്ടാക്കുകയാണെന്നുമാണ് വിലക്കുടി വെസ്റ്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് പറഞ്ഞു.

Related Articles

Post Your Comments

Back to top button