ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി
NewsNationalPolitics

ദ്രൗപദി മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തിലൂടെ പ്രതിപക്ഷ ഐക്യത്തില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി

ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു ഗോത്ര വനിതയെ നിര്‍ദേശിച്ച ബിജെപി പ്രതിപക്ഷ കക്ഷികളെ മുള്‍മുനയിലാക്കി. ബിജെപിക്കെതിരെ പടനയിക്കാന്‍ സ്വയം സാരഥ്യമേറ്റെടുത്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി അടക്കമുള്ള നേതാക്കള്‍ മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വത്തെ പരസ്യമായിത്തന്നെ അംഗീകരിക്കുകയാണ്. ബിജെപി സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ മറ്റൊരു സ്ഥാനാര്‍ഥിയെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ലായിരുന്നു എന്ന നിലപാടിലാണ് മമത.

അത് പരസ്യമായി അവര്‍ പറയുകയും ചെയ്തു. ബിജു ജനതാദള്‍, അകാലി ദള്‍, ശിവസേന വിമതര്‍, ജഗ്‌മോഹന്‍ റെഡ്ഡി, അകാലി ദള്‍, ബിഎസ്പി തുടങ്ങി നിരവധി ചെറുതും വലുതുമായ പ്രതിപക്ഷ കക്ഷികള്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ അവരുടെ വിജയം ബിജെപി ഉറപ്പാക്കിയിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് അംഗമായിരുന്ന മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ മത്സരിപ്പിക്കേണ്ടിയിരുന്നില്ല എന്ന മാനസികാവസ്ഥയിലാണ് മമത ഇപ്പോഴുള്ളത്.

കൊല്‍ക്കൊത്തയിലെ ഇസ്‌കോണില്‍ രഥയാത്ര ഉദ്ഘാടനം ചെയ്യുമ്പോഴാണ് മമത ദ്രൗപദി മുര്‍മുവിനെ പിന്തുണച്ച് പ്രസംഗിച്ചത്. ബിജെപി സ്ഥാനാര്‍ഥിയെ കുറിച്ച് നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഒന്നുകൂടി ചിന്തിച്ചേനെ എന്ന് മമത പറഞ്ഞു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ദ്രൗപദി മുര്‍മു വിജയിക്കാന്‍ സാധ്യത കൂടുതലാണ്. ഞങ്ങള്‍ക്ക് ആദിവാസികളോട് വികാരമുണ്ട്. ഗോത്രവര്‍ഗത്തില്‍ നിന്നാണ് രാഷ്ട്രപതി സ്ഥാനാര്‍ഥി എന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നെങ്കില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യാമായിരുന്നു.

എന്നാല്‍ തങ്ങളുടെ നിര്‍ദേശങ്ങള്‍ ചോദിക്കാന്‍ മാത്രമാണ് അവര്‍ തങ്ങളെ വിളിച്ചത്. ജനതാത്പര്യം കണക്കിലെടുത്ത് ഒരു രാഷ്ട്രപതി സ്ഥാനാര്‍ഥി ഉണ്ടായിരുന്നെങ്കില്‍ അത് രാജ്യത്തിന് നന്നായിരുന്നു എന്നും മമത പറഞ്ഞു. മമതയുടെ നിലപാട് മാറ്റം കൂടെയുള്ളവരെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. ഒരുപക്ഷേ യശ്വന്ത് സിന്‍ഹയ്ക്ക് തൃണമൂലിന്റെ വോട്ട് നഷ്ടമാകുമോ എന്ന ആശങ്കയും മറ്റ് പാര്‍ട്ടികള്‍ പങ്കുവയ്ക്കുന്നുണ്ട്.

ശരദ് പവാര്‍, ഗോപാല്‍കൃഷ്ണ ഗാന്ധി, ഫാറൂഖ് അബ്ദുള്ള എന്നിവരെ സ്ഥാനാര്‍ഥിയാക്കാന്‍ മമതയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ നോക്കിയിരുന്നു. എല്ലാവരും പിന്മാറിയപ്പോഴാണ് അവര്‍ യശ്വന്ത് സിന്‍ഹയിലേക്ക് എത്തിയത്. എന്നാല്‍ അതും വേണ്ടിയിരുന്നില്ലെന്ന അവസ്ഥയിലാണ് പ്രതിപക്ഷ കക്ഷികള്‍. മമതയുടെ ഈ നിലപാട് മാറ്റം എന്‍ഡിഎ ചേരിയിലേക്ക് തിരിച്ചുകയറാനുള്ള ചുവടുവയ്പായും ചില രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button