കുളച്ചലില്‍ തീരത്തടിഞ്ഞ മൃതദേഹം ആഴിമലയില്‍നിന്ന് കാണാതായ കിരണിന്റേതെന്ന് സംശയം
KeralaNews

കുളച്ചലില്‍ തീരത്തടിഞ്ഞ മൃതദേഹം ആഴിമലയില്‍നിന്ന് കാണാതായ കിരണിന്റേതെന്ന് സംശയം

തിരുവനന്തപുരം: കുളച്ചലില്‍ തീരത്തടിഞ്ഞ മൃതദേഹം തിരുവനന്തപുരം ആഴിമലയില്‍നിന്ന് കാണാതായ കിരണിന്റേതാണെന്ന് സംശയം. മൃതദേഹത്തിന്റെ കയ്യില്‍ കണ്ടെത്തിയ ചരടിന് സമാനമായി കിരണും ചരട് ധരിച്ചിരുന്നുവെന്ന് അച്ഛന്‍ അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് വിഴിഞ്ഞം ആഴിമലയില്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍സുഹൃത്തിനെ കാണാന്‍പോയശേഷം കിരണിനെ കടലില്‍ കാണാതായത്. തുടര്‍ന്ന് ശനിയാഴ്ച മുതല്‍തന്നെ പൊലീസ് അന്വേഷണം തുടങ്ങി.

കുളച്ചല്‍ തീരത്ത് മൃതദേഹം അടിഞ്ഞുവെന്ന് ഇന്ന് രാവിലെയാണ് വിഴിഞ്ഞം പൊലീസിന് വിവരം ലഭിച്ചത്. പിന്നാലെ കിരണിന്റെ ബന്ധുക്കളുമായി പൊലീസ് ഇവിടെയെത്തി. മൃതദേഹത്തിന്റെ കയ്യിലുള്ളതിന് സമാനമായി കിരണിന്റെ കയ്യിലും ചരട് കെട്ടിയിരുന്നുവെന്ന് അച്ഛന്‍ മധു പൊലീസിനോട് പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയിലാണ് മൃതദേഹം.

നീണ്ടകരയില്‍നിന്നും തമിഴ്‌നാട്ടിലെ പല സ്ഥലങ്ങളില്‍നിന്നും പലരെയും കടലില്‍ കാണാതായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ വ്യക്തത വരൂവെന്ന് പൊലീസ് അറിയിച്ചു. തമിഴ്‌നാട് പൊലീസാണ് ഇനി ഡിഎന്‍എ പരിശോധന സംബന്ധിച്ച് നടപടിയെടുക്കേണ്ടത്. പെണ്‍കുട്ടിയെ കാണാന്‍ രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു കിരണ്‍ ആഴിമലയില്‍ എത്തിയത്.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിനു മുന്‍പില്‍നിന്ന് മടങ്ങുന്നതിനിടെ ബന്ധുക്കളെത്തി ഇവരെ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയും വാഹനത്തില്‍ കയറ്റിക്കൊണ്ടു പോകുകയും ചെയ്തു. ബൈക്കില്‍ കയറ്റിക്കൊണ്ടുപോയ കിരണ്‍ ഇടയ്ക്കുവച്ചു ഓടിരക്ഷപെട്ടുവെന്നാണ് ബന്ധുക്കള്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തക്കോളോട് പറഞ്ഞത്. കടലില്‍ യുവാവ് വീഴുന്നതു കണ്ടെന്ന വിവരത്തെ തുടര്‍ന്ന് കടലില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

Related Articles

Post Your Comments

Back to top button