പെണ്‍കുട്ടികളെ സഹജീവിയായി കാണുന്നതിന് ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍ പരിശീലനം ലഭിക്കണം:വനിതാ കമ്മിഷന്‍ അധ്യക്ഷ
NewsKerala

പെണ്‍കുട്ടികളെ സഹജീവിയായി കാണുന്നതിന് ആണ്‍കുട്ടികള്‍ക്ക് വീടുകളില്‍ പരിശീലനം ലഭിക്കണം:
വനിതാ കമ്മിഷന്‍ അധ്യക്ഷ

പെണ്‍കുട്ടികളെ സഹജീവികളായി കാണുന്നതിനുള്ള ആദ്യഘട്ട പരിശീലനം ആണ്‍കുട്ടികള്‍ക്കു നല്‍കേണ്ടതു വീടുകളില്‍ നിന്നാണെന്നും സ്ത്രീകള്‍ക്കു തനതായ വ്യക്തിത്വമുണ്ടെന്ന് അംഗീകരിക്കാനുള്ള മാനസികാവസ്ഥ സമൂഹത്തില്‍ വരേണ്ടത് അനിവാര്യമാണെന്നും സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ.പി.സതീദേവി പറഞ്ഞു.

കേരള വനിതാ കമ്മിഷനും എറണാകുളം ജില്ലാ പഞ്ചായത്തും പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിന്റെ ഉദ്ഘാടനം കാക്കനാട് ജില്ലാ അസൂത്രണ സമിതി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.

ഭരണഘടന നിലവില്‍ വന്നിട്ട് ഏഴ് പതിറ്റാണ്ടായെങ്കിലും ലിംഗനീതി എന്ന വിഷയം സംസാരിക്കേണ്ട അവസ്ഥയാണ് ഇന്നും. നിയമ നിര്‍മാണ വേദികളിലും സ്ത്രീകളുടെ സാന്നിധ്യം വിരളമായി മാറിക്കൊണ്ടിരിക്കുന്നു. പീഡനങ്ങള്‍ നേരിടേണ്ടി വരുന്ന സ്ത്രീകള്‍ക്കു സംരക്ഷണം നല്‍കുന്നതിനു പ്രത്യേക സംരക്ഷണ നിയമങ്ങള്‍ നിലവിലുണ്ട്. സ്ത്രീ വിരുദ്ധ മനോഭാവങ്ങള്‍ക്കെതിരെ നിരന്തരമായ ഇടപെടലുകള്‍ സമൂഹത്തില്‍ അനിവാര്യമാണ്. അതുപോലെ എല്ലാ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കും അവരുടെ ഐഡന്റിറ്റി വെളിപ്പെടുത്താനുള്ള അവകാശവുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ജാഗ്രതാ സമിതികള്‍ കാര്യക്ഷമമാക്കുകയും ഏറ്റവും നല്ല രീതിയില്‍ ഇടപെടലുകള്‍ നടത്താനും കഴിയണം. വാര്‍ഡ്തലത്തിലുള്ള സമിതികളുടെ പ്രവര്‍ത്തനം ദുരന്തങ്ങള്‍ സംഭവിക്കുന്നതു തടയുന്നതിനും സഹായകരമാകും. മികച്ച ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്ന ഓരോ ജില്ലാ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവയ്ക്ക് അവാര്‍ഡ് നല്‍കും. കുട്ടികളുമായി സൗഹൃദാന്തരീക്ഷം അധ്യാപകരുടേതു പോലെ മാതാപിതാക്കള്‍ക്കും സൃഷ്ടിക്കാന്‍ കഴിയണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസം നേടിയ പെണ്‍കുട്ടികളില്‍ പലരും ജോലി രംഗത്തേക്ക് എത്തുന്നില്ലെന്ന എന്നതും ഗൗരവകരമായി കാണേണ്ടതാണ്. വ്യക്തിയോടൊപ്പം സമൂഹത്തിനും ഇത്തരം ചിന്താഗതികളില്‍ മാറ്റം വരുത്തണമെന്നും അതിനായി ബോധവല്‍ക്കരണങ്ങള്‍ ആവശ്യമാണെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, അംഗങ്ങളായ വി.ഷൈനി, അനി മോള്‍, ഷാരോണ്‍ പനക്കല്‍, വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.എ ഫാത്തിമ, പഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ ചന്ദ്രശേഖരന്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ലിംഗ നീതിയും ഭരണഘടനയും എന്ന വിഷയത്തെക്കുറിച്ച് കില ഫാക്കല്‍റ്റിയായ ശാലിനി ബിജുവും സ്ത്രീ സഹായ സംവിധാനങ്ങളെക്കുറിച്ച് എറണാകുളം വനിതാ-ശിശു സംരക്ഷണ ഓഫീസര്‍ ഡോ. പ്രേംനാ മനോജും ക്ലാസുകള്‍ നയിച്ചു.

Related Articles

Post Your Comments

Back to top button