അച്ചടക്ക ലംഘനം; നടി ഗായത്രി രഘുറാമിനെ ബിജെപി സസ്‌പെന്റ് ചെയ്തു
NewsPoliticsNational

അച്ചടക്ക ലംഘനം; നടി ഗായത്രി രഘുറാമിനെ ബിജെപി സസ്‌പെന്റ് ചെയ്തു

ചെന്നൈ: അച്ചടക്ക ലംഘനത്തെ തുടര്‍ന്ന് നടി ഗായത്രി രഘുറാമിനും ഒബിസി നേതാവ് സൂര്യ ശിവക്കും എതിരെ നടപടി എടുത്ത് ബിജെപി. ആറുമാസത്തേക്ക് ഗായത്രി രഘുറാമിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. ഒബിസി നേതാവ് സൂര്യ ശിവയെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് അന്വേഷണ വിധേയമായി വിലക്ക് ഏര്‍പ്പെടുത്തിയതായും തമിഴ്‌നാട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ അറിയിച്ചു. പാര്‍ട്ടിയുടെ സാംസ്‌കാരിക വകുപ്പ് അധ്യക്ഷയായ ഗായത്രി നിരന്തരമായ അച്ചടക്ക ലംഘനം നടത്തിയെന്ന കാരണത്താലാണ് സസ്‌പെന്റ് ചെയ്യപ്പെട്ടത്.

സംസ്ഥാന ന്യൂനപക്ഷ വിഭാഗം മേധാവി ഡെയ്സി ശരണിനെ അധിക്ഷേപിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ബിജെപിയുടെ ഒബിസി മോര്‍ച്ച ജനറല്‍ സെക്രട്ടറിയായ സൂര്യക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്. വിഷയത്തില്‍ അടുത്ത ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കനഗ സബാപതിയോട് ബിജെപി പ്രസിഡന്റ് അണ്ണാമലൈ നിര്‍ദേശിച്ചു. സസ്പെന്‍ഷന്‍ ഉത്തരവിന് മറുപടിയായി ഗായത്രി രഘുറാം ആരുടേയും പേരെടുത്തു പറയാതെ നേതൃത്വത്തിനെതിരെ ട്വീറ്റ് ചെയ്തിരുന്നു. ‘ആദ്യ ദിവസം മുതല്‍ അവന്‍ എപ്പോഴും എന്നെ പുറത്താക്കാന്‍ ആഗ്രഹിച്ചു. ഞാന്‍ ശക്തമായി തിരിച്ചുവരും എന്നായിരുന്നു ട്വീറ്റ്. ഒബിസി മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറിയായ സൂര്യ ഡിഎംകെ എംപി തിരുച്ചി ശിവയുടെ മകനാണ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് വരെ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ നിന്ന് തിരുച്ചി ശിവയെ മാറ്റി നിര്‍ത്തുമെന്നും അണ്ണാമലൈ അറിയിച്ചു.

Related Articles

Post Your Comments

Back to top button