ഖത്തറില്‍ കാളക്കൂറ്റന്മാരുടെ ഗോളടിമേളം; വാ പൊളിച്ച് കോസ്‌റ്റോറിക്ക
Sports

ഖത്തറില്‍ കാളക്കൂറ്റന്മാരുടെ ഗോളടിമേളം; വാ പൊളിച്ച് കോസ്‌റ്റോറിക്ക

ദോഹ: ഖത്തറില്‍ ഇന്നലെ ഒരു തിരിച്ചുവരവായിരുന്നു. ടിക്കിടാക്ക ശൈലിയിലൂടെ ലോകകപ്പ് കിരീടം നേടിയ സ്‌പെയിന്‍ എന്ന യൂറോപ്യന്‍ രാജ്യത്തിന്റെ തിരിച്ചുവരവ്. കഴിഞ്ഞ ലോകകപ്പില്‍ തീര്‍ത്തും നിറംമങ്ങിപ്പോയ സ്‌പെയിന്‍ എന്നാല്‍ ഇത്തവണ അങ്ങിനെയല്ല. റയല്‍ മാഡ്രിഡ്, പിഎസ്ജി തുടങ്ങി വമ്പന്‍ ക്ലബുകളുടെ ഗോള്‍വല കാത്ത വിഖ്യാതനായ കെയ്‌ലര്‍ നവാസ് എന്ന കോസ്‌റ്റോറിക്കന്‍ ഗോള്‍കീപ്പര്‍ ജീവിതത്തില്‍ മറക്കാനാഗ്രഹിക്കുന്ന ഒരു ദിനമായിരുന്നു ഇന്നലെ.

തന്റെ പോസ്റ്റില്‍ ഗോള്‍ വര്‍ഷിക്കുന്നത് നിസഹായനായി കണ്ടുനില്‍ക്കേണ്ട ഗതികേടാണ് കെയ്‌ലര്‍ നവാസിന് സംഭവിച്ചത്. ഖത്തറിലെ അല്‍തുമാമ സ്‌റ്റേഡിയത്തില്‍ ഏകപക്ഷീയമായ ഏഴ് ഗോളുകള്‍ക്കാണ് സ്‌പെയിന്‍ കോസ്‌റ്റോറിക്കയെ തകര്‍ത്തത്. ഫെറാന്‍ ടോറസിന്റെ ഇരട്ടഗോളും ഡാനില്‍ ഓല്‍മോ, മാര്‍ക്കോ അസെന്‍സിയോ, ഗാവി, കാര്‍ലോസ് സോളര്‍, അല്‍വാരോ മൊറാട്ട എന്നിവരുടെ ഓരോ ഗോളും കോസ്‌റ്റോറിക്കന്‍ വലയില്‍ തുളച്ചുകയറി.

ഇതോടെ ഗ്രൂപ്പ് ഇയില്‍ സ്‌പെയിന്‍ ഒന്നാമതായി. ജര്‍മനിയെ അട്ടിമറിച്ച ജപ്പാനാണ് രണ്ടാമത്. സ്‌പെയിനിന് വേണ്ടി ഗോള്‍ നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായി ഗാവി ഈ മത്സരത്തില്‍ റിക്കോര്‍ഡിട്ടു. സ്‌പെയിനിന്റെ ഏറ്റവും വലിയ വിജയവും ഇന്നലെ കുറിച്ചു. നേരത്തെ 1998ല്‍ ബള്‍ഗേറിയയ്‌ക്കെതിരെ 6-1ന് വിജയിച്ചതും 1986ല്‍ ഡെന്മാര്‍ക്കെനെതിരെ 5-1ന് വിജയിച്ചതുമാണ് സ്‌പെയിനിന്റെ ലോകകപ്പിലെ ഏറ്റവും വലിയ വിജയങ്ങള്‍.

കളിയിലുടനീളം ആധിപത്യം നേടിയ സ്‌പെയിന്‍ 81 ശതമാനവും പന്ത് കൈവശം വച്ചു. 1043 പാസുകളാണ് സ്‌പെയിന്‍ ഈ കളിയില്‍ പൂര്‍ത്തിയാക്കിയത്. കോസ്‌റ്റോറിക്കയാകട്ടെ കേവലം 231 പാസുകളും. ജര്‍മനിക്കെതിരെയാണ് ഇനി സ്‌പെയിനിന്റെ അടുത്ത മത്സരം. 11ാം മിനുട്ടിലാണ് സ്‌പെയിന്‍ ആദ്യ ഗോള്‍ നേടിയത്. സ്പാനിഷ് താരം ഗാവിയാണ് ആദ്യ ഗോളിന് വഴിയൊരുക്കിയത്. ഗാവി ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് കോസ്‌റ്റോറിക്കന്‍ പ്രതിരോധ നിരയില്‍ തട്ടി ഡാനി ഓല്‍മോയ്ക്ക് ലഭിച്ചു.

ഓല്‍മോയുടെ ഷോട്ട് കെയ്‌ലര്‍ നവാസിനെ മറികടന്ന് കോസ്‌റ്റോറിക്കന്‍ വലയില്‍ ഭദ്രമായി വിശ്രമിച്ചു. ലോകകപ്പില്‍ സ്‌പെയിനിന്റെ നൂറാം ഗോള്‍ കൂടിയായിരുന്നു അത്. 21ാം മനിട്ടുല്‍ മാര്‍ക്കോ അസെന്‍സിയോ വീണ്ടും കോസ്‌റ്റോറിക്കന്‍ വല ചലിപ്പിച്ചു. ജോര്‍ഡി ആല്‍ബയുടെ പാസില്‍ നിന്ന് അസെന്‍സിയോ ഗോള്‍ വലയെ ലക്ഷ്യമാക്കി പ്ലേസ് ചെയ്തത് കെയ്‌ലര്‍ നവാസിന്റെ കൈകളില്‍ തട്ടി ലക്ഷ്യസ്ഥാനത്തെത്തി.

അടുത്ത പത്ത് മിനുട്ടിനുള്ളില്‍ സ്‌പെയിന്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. കോസ്‌റ്റോറിക്കന്‍ പെനാല്‍ട്ടി ബോക്‌സിനുള്ളില്‍ ജോര്‍ഡി ആല്‍ബയെ വീഴ്ത്തിയതിന് പെനാല്‍ട്ടി വിളിക്കാന്‍ റഫറി ഒരു മടിയും കാണിച്ചില്ല. കിക്കെടുത്ത ഫെറാന്‍ ടോറസ് അനായാസം ലക്ഷ്യം ഭേദിച്ചു. ആദ്യ പകുതിക്ക് പിരിയുമ്പോള്‍ സ്‌പെയിന്‍ എതിരില്ലാത്ത മൂന്ന് ഗോളിനാണ് മുന്നിട്ട് നിന്നത്. രണ്ടാം പകുതിയിലും തങ്ങളുടെ ആക്രമണത്തിന്റെ മൂര്‍ച്ഛ കുറയ്ക്കാന്‍ സ്‌പെയിന്‍ തയാറായില്ല.

54ാം മിനുട്ടില്‍ ബോക്‌സിന്റെ വലത് ഭാഗത്ത് നിന്ന് ലഭിച്ച പന്തുമായി ബോക്‌സിലേക്ക് ഓടിക്കയറിയ ഫെറാന്‍ ടോറസ് ഡിഫന്‍ഡര്‍ ഒവെയ്‌ഡോയെ കബളിപ്പിച്ച് ഗോളിക്ക് ഒരവസരവും നല്‍കാതെ പന്ത് വലയില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് 20 മിനുട്ട് ഇടവേളയ്ക്ക് ശേഷം സ്‌പെയിനിന്റെ അത്ഭുത ബാലനും വല ചലിപ്പിച്ചു. കോസ്‌റ്റോറിക്ക ഒരുക്കിയ ഓഫ്‌സൈഡ് കെണി ഭേദിച്ച് അല്‍വാരോ മൊറോട്ടയുടെ പാസ് ഗാവിയിലേക്ക്. പന്ത് സ്വീകരിച്ച ഗാവി അത് നേരെ കെയ്‌ലര്‍ നവാസിനെ കീഴടക്കി വലയിലെത്തി.

എല്ലാ ആത്മവിശ്വാസവും നഷ്ടപ്പെട്ട് കോസ്‌റ്റോറിക്കയ്ക്ക് വീണ്ടും പ്രഹരമേല്‍പിച്ച് കാര്‍ലോസ് സോളര്‍ 90ാം മിനുട്ടില്‍ ആറാം ഗോള്‍ നേടി. വില്യംസ് ബോക്‌സിലേക്ക് ഉര്‍ത്തി നല്‍കിയ ക്രോസ് ഗോളിക്ക് കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ല. ബോക്‌സിന് ഒത്തനടുവില്‍ നിന്നിരുന്ന സോളര്‍ അനായാസം പന്ത് വലയിലെത്തിച്ചു. ഇന്‍ജ്വറി ടൈമിന്റെ രണ്ടാം മിനുട്ടില്‍ അല്‍വാരോ മൊറാട്ട കോസ്‌റ്റോറിക്കയുടെ നെഞ്ചില്‍ അവസാന നിറയും ഒഴിച്ചു. ഡാനി ഓല്‍വോയുടെ പാസ് സ്വീകരിച്ച് കെയ്‌ലര്‍ നവാസ് നോക്കി നില്‍ക്കെ മൊറാട്ട കോസ്‌റ്റോറിക്കന്‍ വല ചലിപ്പിച്ചു. സ്‌കോര്‍ 7-0.

Related Articles

Post Your Comments

Back to top button