ഒരു വളർത്തുനായയോട് മനുഷ്യനിത്രയും ക്രൂരതയാകാമോ?.

കൊച്ചി /കഴുത്തിൽ കയറുകൊണ്ട് കെട്ടിയ നായയെ ഓടുന്ന കാറിൽ കെട്ടിവലിച്ച് കൊണ്ട് പോകുന്ന ടാക്‌സി ഡ്രൈവറുടെ കൊടും ക്രൂരത
സോഷ്യൽ മീഡിയ വഴി വാർത്തയായി. എറണാകുളം ജില്ലയിലെ നെടുമ്പാശേരിയിലെ അത്താണിയ്‌ക്ക് സമീപം ചാലാക്കയിലെ ചാലക്ക ൽ മെഡിക്കൽ കോളജിന് സമീപമുള്ള നടുറോഡിലാണ് ഞെട്ടിക്കുന്ന തും ദാരുണവുമായ ഈ സംഭവം അരങ്ങേറുന്നത്. സംഭവം സമൂഹ മാദ്ധ്യമങ്ങളിലാകെ വൈറലായിരിക്കുകയാണ്. ഡ്രൈവർക്കെതിരെ മൃഗസ്‌നേഹികളും സംഭവം കണ്ടവരും പൊലീസിനും, അനിമൽ വെൽഫെയർ ബോർഡിനും പരാതി നൽകിയിട്ടുണ്ട്.
ടാറിട്ട റോഡിലൂടെ കെട്ടിവലിക്കുന്നതിനിടയിൽ കാറിന്റെ വേഗത കൂടുമ്പോൾ നിലത്തുവീഴുന്ന നായ റോഡിൽ കിടന്നു ഉരഞാണു മുന്നോട്ടു നീങ്ങുന്നത്. നായയുടെ ശരീരമാകെ ഈ ക്രൂരതയിൽ മുറിഞ്ഞിട്ടുണ്ട്. കാറിന് പിന്നാലെ സ്‌കൂട്ടറിൽ വന്ന യുവാവാണ് ഈ സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുന്നത്. ഇയാൾ കാർ തടഞ്ഞുനിർത്തി ടാക്‌സി ഡ്രൈവറായ യൂസഫിനെ ചോദ്യം ചെയ്യുകയുണ്ടായി. റോഡിലൂടെ ഉരഞ്ഞ് നീങ്ങുന്ന നായയോടൊപ്പം ഓടുന്ന മറ്റൊരു നായയെയും വീഡിയോയിൽ കാണുന്നുണ്ട്. നിരവധി പേർ സമൂഹമാദ്ധ്യമങ്ങളിൽ ഇതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.