ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; ബിനോയ്‌യും യുവതിയും ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി
NewsKerala

ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്; ബിനോയ്‌യും യുവതിയും ബോംബെ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി

മുംബൈ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ കേസ് ഒത്തുതീര്‍പ്പിലേക്ക്. കേസ് ഒത്തുതീര്‍ന്നുവെന്ന് ബിനോയ്‌യും ബിഹാര്‍ സ്വദേശിനിയായ യുവതിയും ബോംബെ ഹൈക്കോടതിയെ അറിയിച്ചു. കുട്ടിയുടെ ഭാവി പരിഗണിച്ച് കേസ് അവസാനിപ്പിക്കണമെന്നാണ് കോടതിയില്‍ നല്‍കിയ അപക്ഷയില്‍ ആവശ്യപ്പെട്ടത്. പരാതി വ്യാജമെന്നും തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് കോടിയേരി നേരത്തേ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി ബിഹാര്‍ സ്വദേശിനിയുടെ കുട്ടിയുടെ പിതൃത്വം ആരാണെന്നത് തെളിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പിന്നാലെ ഡിഎന്‍എ പരിശോധന നടത്തുകയും ചെയ്തു. രണ്ടുവര്‍ഷത്തോളമായി ഇതിന്റെ ഫലം ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. സീല്‍ ചെയ്ത കവറില്‍ രജിസ്ട്രാറുടെ പക്കലാണ് ഫലമുള്ളത്. ഇത് പരിശോധിക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നിയമനടപടികള്‍ മന്ദഗതിയില്‍ പോകുന്നതിനിടെയാണ് കേസ് ഒത്തുതീര്‍പ്പാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതിയും ബിനോയ് കോടിയേരിയും ഒപ്പിട്ട അപേക്ഷ കോടതിയില്‍ നല്‍കിയത്.

കുട്ടിയുടെ ഭാവി പരിഗണിച്ചാണ് ഒത്തുതീര്‍പ്പിലേക്ക് പോകുന്നതെന്ന് ഇരുകക്ഷികളും അറിയിച്ചു. ക്രിമിനല്‍ കേസ് ആയതിനാല്‍ ഇതിന്റെ വശങ്ങള്‍ പരിശോധിച്ചശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് വ്യക്തമാക്കി കോടതി അപേക്ഷ മാറ്റിവച്ചു. ജീവനാംശം നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങള്‍ നേരത്തേ തന്നെ നടക്കുന്നുണ്ടായിരുന്നു. ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ ഇപ്പോള്‍ പരസ്യ പ്രതികരണത്തിനില്ലെന്ന് ബിനോയ് പ്രതികരിച്ചു.

Related Articles

Post Your Comments

Back to top button