
കൊച്ചി: യേശുവിനെയും ക്രിസ്തു മതത്തെയും അവഹേളിച്ച് സംസാരിച്ച മതപ്രഭാഷകനെതിരെ കേസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി വസീം അല്‍ ഹിക്കാമിക്ക് എതിരെയാണ് കോടതി നിര്‍ദേശപ്രകാരം കൊച്ചി സൈബര്‍ പൊലീസ് കേസെടുത്തത്. മതപ്രഭാഷകനായ വസീം അല്‍ ഹിക്കാമിയുടെ യൂട്യൂബ് വീഡിയോയ്ക്കെതിരെ ബിജെപി നേതാവ് അനൂപ് ആന്റണി എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു.
ക്രിസ്തുമത വിശ്വാസികള്‍ പുണ്യദിനമായി ആചരിക്കുന്ന ക്രിസ്തുമസിനെയും യേശുവിന്റെ ജനനത്തെയും അധിക്ഷേപിച്ച് സംസാരിച്ചെന്ന് കാട്ടി പൊലീസിനാണ് അനൂപ് ആന്റണി ആദ്യം പരാതി നല്‍കിയത്. സംസ്ഥാന ഡിജിപിക്കും സൈബര്‍ ക്രൈം വിഭാഗത്തിനും നല്കിയ പരാതിയില്‍ നടപടിയുണ്ടാകാതിരുന്നതോടെയാണ് ബിജെപി നേതാവ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
തുടര്‍ന്ന് കോടതി യൂട്യൂബ് വീഡിയോ പരിശോധിക്കുകയും പരാതി പരിശോധിച്ച് നടപടിയെടുക്കാന്‍ പൊലീസിനോട് നിര്‍ദേശിക്കുകയും ചെയ്തു. മതവിദ്വേഷം സൃഷ്ടിക്കുക, മതവികാരം വ്രണപ്പെടുത്തുന്നതിന് ബോധപൂര്‍വം പ്രവര്‍ത്തിക്കുക തുടങ്ങിയ കുറ്റങ്ങളാണ് കൊച്ചി സൈബര്‍ പൊലീസ് വസീം അല്‍ ഹിക്കാമിക്കെതിരെ ചുമത്തിയിരിക്കുന്നത്. സമാന രീതിയിലുള്ള പരാതിയില്‍ കോട്ടയം സൈബര്‍ പൊലീസും ഹിക്കാമിയെ പ്രതിയാക്കി കഴിഞ്ഞമാസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
Post Your Comments