പോലീസിനെ പറ്റിച്ചെന്ന് കേസ്; ബോധോദയം വിമര്‍ശനമുയര്‍ന്നപ്പോള്‍
ചടയമംഗലം: ഒരബദ്ധം ഏതു പോലീസിനും പറ്റുമെന്ന പഴഞ്ചൊല്ല് പോലീസിന് അബദ്ധം മാത്രമേ പറ്റൂ എന്ന് തിരുത്തി എഴുതേണ്ട സമയം അതിക്രമച്ചിരിക്കുന്നു. പേരെന്തായാലും സര്‍ക്കാരിന് പണം മതിയെന്നു പറഞ്ഞ പോലീസുകാരന്‍ നിരപരാധിയും ഫൈനടച്ചവന്‍ അപരാധിയുമായി മാറിയിരിക്കുകയാണ് ഇപ്പോള്‍. എംസി റോഡില്‍ കുരിയോട് നെട്ടേത്തറയില്‍ വാഹനപരിശോധനയ്ക്കിടെ കാറില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയെത്തിയ യുവാക്കളോട് ഫൈന്‍ അടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടു.
ഫൈന്‍ നല്‍കി പോവാന്‍ തുടങ്ങിയവരോട് പേരും അഡ്രസും ചോദിച്ചു. അപ്പോഴാണ് യുവാവ് പേര്- രാമന്‍, അച്ഛന്‍- ദശരഥന്‍, സ്ഥലം- അയോധ്യ എന്ന് ഉത്തരം നല്‍കിയത്. ഇതുകേട്ട പോലീസ് അപ്രകാരം ഫൈന്‍ രസീത് നല്‍കുകയും ചെയ്തു. രസീത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ ഫൈന്‍ എഴുതി നല്‍കിയ ഗ്രേഡ് എസ്‌ഐ വെട്ടിലായി. പോലീസിന്റെ പണം മാത്രം മതിയെന്ന നിലപാടിനെ സമൂഹം ഒന്നിച്ച് വിമര്‍ശിച്ചതോടെയാണ് യുവാക്കള്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ തീരുമാനിച്ചത്.
യുവാക്കള്‍ നല്‍കിയ പേരും വിലാസവും തെറ്റാണെന്ന് അറിയാമായിരുന്നിട്ടും അപ്പോള്‍ ചോദ്യം ചെയ്യാന്‍ മുതിരാതിരുന്ന ഗ്രേഡ് എസ്‌ഐയെ വിശുദ്ധനാക്കിയാണ് കേരള പോലീസിന്റെ നാടകം. പോലീസ് പറയുന്നതെന്തും വെള്ളമില്ലാതെ വിഴുങ്ങുന്ന അവസ്ഥയിലേക്ക് മാറിയിരിക്കുകയാണ് ഇപ്പോഴത്തെ സംവിധാനം. നിവൃത്തികേടുകൊണ്ടാണ് യുവാവ് പറഞ്ഞതെല്ലാം പകര്‍ത്തിയതെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.
പാന്‍ കാര്‍ഡ് കാണുമ്പോള്‍ സിബിഐ ഓഫീസറാണെന്ന് കരുതിയിരുന്ന ഉദ്യോഗസ്ഥരുള്ള സേനയാണ് കേരള പോലീസ്. അവര്‍ക്ക് രാമനായാലും രാവണനായാലും പൈസ മാത്രം മതി. പേരും വിലാസവും കൃത്യമല്ലെങ്കില്‍ വാഹനം വിട്ടുനല്‍കില്ലെന്ന കൃത്യമായ നിലപാട് പോലീസ് എടുത്തിരുന്നെങ്കില്‍ ഇത്തരമൊരു അവസ്ഥയെ അഭിമുഖീകരിക്കേണ്ട അവസ്ഥ പോലീസിന് വരില്ലായിരുന്നു.
എന്നാല്‍ തങ്ങളെ ചോദ്യം ചെയ്യാന്‍ ആരുമില്ലെന്നും ആരെയും ഏതു കേസിലും അകത്താക്കാമെന്നും അഹങ്കരിക്കുന്ന പോലീസുകാര്‍ തോന്നിയതുപോലെ പെരുമാറുകയാണ് ചെയ്യുന്നത്. പോലീസിന്റെ ഈ മനോഭാവത്തെയും ധാര്‍ഷ്ട്യത്തെയും നിലയ്ക്കു നിര്‍ത്തിയില്ലെങ്കില്‍ ഡിജിപി പറഞ്ഞതുപോലെ ജനം പോലീസാകുന്ന കാലം വളരെ അകലെയാവില്ല.