
ചെന്നൈ: മത പരിവര്‍ത്തനത്തിന് ശേഷം മുമ്പുണ്ടായിരുന്ന ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം അവകാശപ്പെടാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. മതം മാറുമ്പോൾ ജാതിയും ഒപ്പം കൊണ്ടുപോകാനാവില്ലെന്ന് ജോലിയിൽ സംവരണം ആവശ്യപ്പെട്ടു നൽകിയ ഹർജി തള്ളി ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ അഭിപ്രായപ്പെട്ടു.
മതപരിവര്‍ത്തനം നടത്തിയാല്‍ മുന്‍പ് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്ല്യങ്ങള്‍ പിന്നീട് ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കൂടാതെ മതം മാറിയവരുടെ സംവരണം സംബന്ധിച്ച കേസ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ ഹൈക്കോടതിക്ക് ഇതില്‍ പ്രത്യക തീരുമാനം എടുക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസ് ജി ആര് സ്വാമിനാഥന് പറഞ്ഞു.
ഹിന്ദുമതത്തിലെ അതി പിന്നാക്കവിഭാഗ (മോസ്റ്റ് ബാക്ക് വേഡ് കാസ്റ്റ്) ത്തിൽപ്പെട്ട യുവാവ് 2008-ൽ ഇസ്ലാംമതം സ്വീകരിക്കുകയായിരുന്നു. ഇക്കാര്യം ഗസറ്റിൽ വിജ്ഞാപനം ചെയ്യുകയും സമുദായസർട്ടിഫിക്കറ്റ് വാങ്ങുകയുംചെയ്തു. തമിഴ്നാട് പബ്ലിക് സർവീസ് കമ്മിഷന്റെ പരീക്ഷയെഴുതിയ യുവാവിന് അന്തിമപട്ടികയിൽ ഇടംപിടിക്കാനായില്ല. തന്നെ പൊതു വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് വിവരാവകാശ പ്രകാരം നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. പിന്നാക്ക സംവരണ ആനുകൂല്യം നിഷേധിച്ചതിനെ ചോദ്യംചെയ്താണ് ഇദ്ദേഹം ഹൈക്കോടതിയിൽ ഹർജി നൽകിയത്.
Post Your Comments