ജനന - മരണ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ
NewsNational

ജനന – മരണ വിവരങ്ങൾ വോട്ടർ പട്ടികയുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ

ന്യൂ ഡൽഹി : ജനനവും മരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ വോട്ടർപ്പട്ടികയുമായി ബന്ധിപ്പിക്കാൻ കേന്ദ്ര സർക്കാർ. ഇതിനായി പ്രത്യേക ബിൽ കൊണ്ടുവരുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കി. സെൻസസിന് വികസന പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ പ്രധാനപങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ രജിസ്റ്റാര്‍ ജനറലിന്റെയും സെന്‍സസ് കമ്മീഷണറുടെയും പുതിയ ഓഫീസായ ജന്‍ഗാനന ഭവന്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പ്രഖ്യാപനം നടത്തിയത്.

പുതിയ പദ്ധതിയിലൂടെ ഒരാള്‍ക്ക് 18 വയസ് തികയുമ്പോള്‍ തന്നെ അയാളുടെ പേര് സ്വയമേവ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുന്നു. അതുപോലെ തന്നെ ഒരാള്‍ മരിക്കുമ്പോള്‍ വിവരം തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പോവുകയും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്യപ്പെടുകയും ചെയ്യുന്നു. 1969 ലെ ജനന മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതി ചെയ്യുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയവയുടെ വിതരണം അടക്കമുള്ള സംവിധാനങ്ങളും ഇതുമായി ബന്ധിപ്പിക്കും.

ജനന- മരണ സര്‍ട്ടിഫിക്കറ്റുകളുടെ വിവരങ്ങള്‍ പ്രത്യേകം സംരക്ഷിച്ചാല്‍ വികസന പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്യാനാകും. അടിസ്ഥാന വിവരങ്ങൾ ലഭ്യമല്ലാത്തതാണ് വികസനം മുൻകാലങ്ങളിൽ മന്ദഗതിയിലാകാന്‍ കാരണമെന്നും അമിത് ഷാ പറഞ്ഞു.

ജനന – മരണ രജിസ്‌ട്രേഷനുളള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സെന്‍സിങ് റിപ്പോര്‍ട്ടുകളുടെ ശേഖരം, സെന്‍സസ് റിപ്പോര്‍ട്ടുകളുടെ ഓണ്‍ലൈന്‍ വില്‍പ്പന പോര്‍ട്ടല്‍, ജിയോ ഫെന്‍സിങ് സൗകര്യമുളള എസ്ആര്‍എസ് മൊബൈല്‍ ആപ്പിന്റെ നവീകരിച്ച പുതിയ പതിപ്പ് എന്നിവയും മന്ത്രി പുറത്തിറക്കി. ജിയോ ഫെന്‍സിങ് ഘടിപ്പിച്ച മൊബൈല്‍ ആപ്പ് വഴി കൃത്യമായ വിവരങ്ങള്‍ മാത്രമേ രേഖപ്പെടുത്താന്‍ സാധിക്കുകയുളളൂ. വ്യാജ എന്‍ട്രികള്‍ ഉണ്ടാക്കാന്‍ സാധിക്കില്ല. അടുത്ത സെന്‍സസിലെ കണക്കെടുപ്പുകള്‍ ഇലക്ട്രേണിക് ഫോര്‍മാറ്റില്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments

Back to top button