BusinessLatest NewsNationalNewsTech

വൊഡാഫോണ്‍ ഐഡിയയ്ക്ക് മുതലാളിയായി കേന്ദ്രസര്‍ക്കാര്‍

മുംബൈ: ഇന്ത്യന്‍ ടെലികോം രംഗത്ത് മുദ്രപതിപ്പിച്ച വൊഡാഫോണ്‍ ഐഡിയ (വിഐ) കമ്പനിക്ക് മുതലാളിയായി കേന്ദ്രസര്‍ക്കാര്‍. എജിആര്‍ കുടിശികയും പലിശയുമിനത്തില്‍ സര്‍ക്കാരിന് നല്‍കാനുള്ള തുക ഓഹരിയാക്കിമാറ്റാന്‍ വോഡാഫോണ്‍ ഐഡിയയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു. സ്പെക്ട്രം ലേല തവണകളും പലിശയും എജിആര്‍ കുടിശികയുമടക്കം നല്‍കാനുള്ള 16,000 കോടി രൂപയാണ് ഓഹരിയായി സര്‍ക്കാരിന് നല്‍കുക.

നിലവിലെ മൂല്യത്തില്‍ നിന്നും കുറച്ച് ഓഹരിയൊന്നിന് 10 രൂപ പ്രകാരമായിരിക്കും ഓഹരി അനുവദിക്കുക. കുടിശികയ്ക്ക് മൊറട്ടോറിയം കാലയളവില്‍ പലിശ നല്‍കാന്‍ ബാധ്യതയുള്ളതിനാല്‍ അതുകൂടി കണക്കിലെടുത്താണ് സര്‍ക്കാരിനുള്ള ഓഹരി അലോട്ട്മെന്റ് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ കമ്പനിയില്‍ 35.8 ശതമാനമായിരിക്കും സര്‍ക്കാരിന് ഓഹരി പങ്കാളിത്തം ലഭിക്കുക. നിലവിലെ പ്രമോട്ടര്‍മാരായ വോഡാഫോണ്‍ ഗ്രൂപ്പിന് 28.5 ശതമാനവും ആദിത്യ ബിര്‍ള ഗ്രൂപ്പിന് 17.8 ശതമാനവും പങ്കാളിത്തവുമാണ് കമ്പനിയിലുള്ളത്.

2021ലെ ആശ്വാസ പാക്കേജിന്റെ ഭാഗമായി കുടിശിക തീര്‍ക്കാന്‍ വിവിധ പദ്ധതികള്‍ ടെലികോം കമ്പനികള്‍ക്ക് മുന്നില്‍വച്ചിരുന്നു. ഇതുപ്രകാരം നാലുവര്‍ഷത്തെ സാവകാശമാണ് വോഡാഫോണ്‍ ഐഡിയയും ഭാരതി എയര്‍ടെലും ആവശ്യപ്പെട്ടത്. കുടിശികയും പലിശയും ഓഹരിയാക്കിമാറ്റാതെ അടച്ചുതീര്‍ക്കാനാണ് ഭാരതി എയര്‍ടെലിന്റെ തീരുമാനം.

Related Articles

Back to top button