സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്ത്രീകളുടെ അന്ധകരോ?
NewsHealth

സെര്‍വിക്കല്‍ ക്യാന്‍സര്‍ സ്ത്രീകളുടെ അന്ധകരോ?

സ്ത്രീകളുടെ മരണത്തില്‍ കലാശിക്കുന്ന ഏറ്റവും ഭയാനകമായ അവസ്ഥയാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയമുഖ ക്യാന്‍സര്‍. ലോകത്ത് ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സറുകളില്‍ അഞ്ചാം സ്ഥാനത്താണിത്. ലോകത്ത് പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ സെര്‍വിക്കല്‍ കാന്‍സര്‍ മൂലം മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. മാത്രമല്ല അഞ്ചു ലക്ഷം പുതിയ ക്യാന്‍സര്‍ കേസുകള്‍ പ്രതിവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപെടുന്നുമുണ്ട്. ബ്രെസ്റ്റ് കാന്‍സര്‍ കഴിഞ്ഞാല്‍ ഇന്ത്യയിലെ സ്ത്രീകളില്‍ ഏറ്റവുമധികം കാണപ്പെടുന്ന കാന്‍സറുകളില്‍ രണ്ടാം സ്ഥാനത്താണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ഓരോ എട്ട് മിനിറ്റും രാജ്യത്ത് സെര്‍വിക്കല്‍ കാന്‍സര്‍ മൂലം ഒരു സ്ത്രീ മരിക്കുന്നു എന്നാണ് കണക്ക്. എന്നാല്‍ മതിയായ സ്‌ക്രീനിംഗ് ടെസ്റ്റുകളിലൂടെ സെര്‍വിക്കല്‍ ക്യാന്‍സര്‍ നേരത്തെ കണ്ടെത്തുവാനും കൃത്യസമയത്ത് ചികിത്സിക്കുവാനും സാധിക്കും.

ഗര്‍ഭപാത്രത്തിലെ സെര്‍വിക്സ് മേഖലയില്‍ അസാധാരണവും അനിയന്ത്രിതവുമായ സെല്‍ വളര്‍ച്ചയാണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. ലോകമെമ്പാടുമുള്ള സ്ത്രീകളില്‍ ഏറ്റവും സാധാരണമായ കാന്‍സറുകളിലെന്നാണിത്. എന്നാല്‍ മറ്റു ക്യാന്‍സറുകളെ അപേക്ഷിച്ച് സെര്‍വിക്കല്‍ കാന്‍സര്‍ 100 ശതമാനവും പ്രതിരോധിക്കാന്‍ സാധിക്കുന്നതാണ്.

ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന അണുബാധയാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണം. 80 ശതമാനം സ്ത്രീകളിലും 50 വയസാകുമ്പോള്‍ വൈറസ് ബാധയുണ്ടാകാമെന്നു പറയപ്പെടുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. തിരിച്ചറിയാന്‍ ഏറെ ബുദ്ധിമുട്ടുള്ള രോഗമായതിനാല്‍ മിക്കപ്പോഴും രോഗലക്ഷണങ്ങള്‍ പോലും കാണിക്കാറില്ല. അസാധാരണമായ ബ്ലീഡിങ്ങാണ് സെര്‍വിക്കല്‍ ക്യാന്‍സറിന്റെ പ്രധാനലക്ഷണം. ദുര്‍ഗന്ധത്തോടെയോ ബ്രൗണ്‍നിറത്തിലോ രക്താംശത്തോടെയോ ഉള്ള ഡിസ്ചാര്‍ജും സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണമാകാം.

ഈ രോഗത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധമില്ലാത്തതും രോഗത്തിന്റെ തീവ്രത കൂടാന്‍ കാരണമാകുന്നു. അതുകൊണ്ട് സെര്‍വിക്കല്‍ ക്യാന്‍സര്‍ തടയാനുള്ള മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്മാരോകേണ്ടതുണ്. ആര്‍ത്തവം ക്രമം തെറ്റുക, ക്ഷീണം, ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, വെള്ളപോക്ക്, നടുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

പ്രതിരോധ കുത്തിവെപ്പെടുക്കുക എന്നതാണ് സര്‍വിക്കല്‍ ക്യാന്‍സര്‍ രോഗത്തെ തടയാനുള്ള പ്രധാന മാര്‍ഗം. എന്നാല്‍ സെര്‍വിക്കല്‍ ക്യാന്‍സര്‍ രോഗിയായ ഒരാള്‍ ഈ കുത്തിവെപ്പെടുത്തിട്ട് പ്രയോജനമില്ല. ഒമ്പതിനും 13നുമിടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്നത്. എങ്കിലും 26 വയസ് വരെ നിങ്ങള്‍ക്ക് കുത്തിവെപ്പ് സ്വീകരിക്കാവുന്നതാണ്.

ആറു മാസത്തിനുള്ളില്‍ മൂന്ന് ഡോസുകളായാണ് വാക്സിന്‍ സ്വീകരിക്കേണ്ടത്. 2700 മുതല്‍ 3300 രൂപ വരെ വില വരുമിതിന്. 2016 മുതല്‍ ഡല്‍ഹി ഗവണ്മെന്റ് 13 വയസുള്ള പെണ്‍കുട്ടികള്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ വാക്‌സിന്‍ സൗജന്യമായി കൊടുത്തു വരുന്നു. ഈ വാക്സിന്‍ സൗജന്യമായി കൊടുക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് ഡല്‍ഹി. അതേസമയം സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനായി ഇന്ത്യ ആദ്യ തദ്ദേശീയ വാക്‌സീന്‍ വികസിപ്പിച്ച വിവരം ഈ അടുത്തിടെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. 200 രൂപ മുതല്‍ 400 രൂപ വരെ വില നിശ്ചയിച്ചിരിക്കുന്ന വാക്‌സിന്‍ മാസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.

Related Articles

Post Your Comments

Back to top button