കുനോ നാഷണൽ പാർക്കിൽ നിന്നും ചീറ്റകൾ വനമേഖലയിലേക്ക്; മൂന്ന് എണ്ണത്തിനെ തുറന്നുവിട്ടു
NewsNational

കുനോ നാഷണൽ പാർക്കിൽ നിന്നും ചീറ്റകൾ വനമേഖലയിലേക്ക്; മൂന്ന് എണ്ണത്തിനെ തുറന്നുവിട്ടു

ഭോപ്പാൽ: കുനോ നാഷണൽ പാർക്കിൽ നിന്നും കൂടുതൽ ചീറ്റകളെ വനമേഖലയിലേക്ക് തുറന്നുവിട്ട് അധികൃതർ. ആൺ ചീറ്റകളായ അഗ്നി, വായു എന്നിവയെയും, പെൺചീറ്റയായ ഗാമിനിയെയുമാണ് വിശാലവനത്തിലേക്ക് തുറന്നുവിട്ടത്. പാർക്കിലെ പ്രത്യേക കേന്ദ്രങ്ങളിൽ കഴിയുന്ന ചീറ്റകളെ മൺസൂണിന് മുൻപ് തുറന്നുവിടുമെന്ന് നേരത്തെ തന്നെ അധികൃതർ വ്യക്തമാക്കിയിരുന്നു.

പ്രത്യേക കേന്ദ്രങ്ങളിൽ കഴിയുന്ന ചീറ്റകൾ നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. ഇതേ തുർന്നാണ് ഇവയെ തുറന്ന് വിടാൻ തീരുമാനിച്ചത്. ആരോഗ്യപ്രശ്‌നങ്ങളൊന്നും പ്രകടമാക്കാത്തതിനെ തുടർന്ന് നേരത്തെ മൂന്ന് ചീറ്റകളെ വിശാലവനത്തിലേക്ക് തുറന്നുവിട്ടിരുന്നു. ഇവ കൂടിയാകുന്നതോടെ വിശാലവനത്തിലേക്ക് തുറന്നുവിട്ട ചീറ്റകളുടെ എണ്ണം ആറാകും. രണ്ട് ദിവസത്തിനുള്ളിൽ നമീബിയയിൽ നിന്നും എത്തിച്ച പെൺ ചീറ്റയെ കൂടി തുറന്നുവിടാനാണ് അധികൃതരുടെ തീരുമാനം. നേരത്തെ അഞ്ച് ചീറ്റകളെ ഉൾവനത്തിലേക്ക് തുറന്നുവിടുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്.

മൺസൂണിന് ശേഷം പ്രത്യേക കേന്ദ്രങ്ങളിൽ കഴിയുന്ന മറ്റ് ചീറ്റകളെക്കൂടി തുറന്ന് വിടാനാണ് തീരുമാനം. മൺസൂൺ ആരംഭിച്ചാൽ ചീറ്റകൾക്ക് വാസസ്ഥലം ഒരുക്കുന്നതിനും ഇരതേടുന്നതിനുമെല്ലാം പ്രയാസം നേരിടും. ഇതേ തുടർന്നാണ് നേരത്തെ തന്നെ തുറന്നുവിട്ടത്. ഈ മൂന്ന് ചീറ്റകളെയും ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ് കുനോയിൽ എത്തിച്ചത്.

Related Articles

Post Your Comments

Back to top button