വാളയാർ, പുനരന്വേഷണം വേണം; മുഖ്യമന്ത്രിക്ക് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം; വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്ത് നൽകി. കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തുന്ന പെൺകുട്ടികളുടെ മാതാപിതാക്കളെ സന്ദർശിച്ചതിന് ശേഷമാണ് കത്ത് നൽകിയത്.
കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷപ്പെടുത്താനും നീക്കം നടത്തിയത് അന്വേഷണസംഘവും പ്രോസിക്യൂഷനും ചേർന്നാണ്. ദരിദ്ര കുടുംബത്തിലെ പെൺകുട്ടികൾ പീഡനത്തിനിരകളായി മരിച്ചിട്ടും രക്ഷിതാക്കൾ നീതി തേടി സമരം ചെയ്യേണ്ടി വന്നത് കേരളത്തിന് അപമാനകരമാണ്. ഇനിയും സമരം ചെയ്യേണ്ട സാഹചര്യം ഉണ്ടാക്കരുത്.
പ്രധാനപ്പെട്ട കേസ് ലാഘനത്തോടെ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർ തുടരുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണ്. മുഖ്യമന്ത്രി പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് നൽകിയ ഉറപ്പ് പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.