കെ.വി. തോമസിന് മന്ത്രി പദവിയോടെ കെ റെയില്‍ ചെയര്മാന് സ്ഥാനം വാഗ്ദാനമെന്ന് ചെറിയാന് ഫിലിപ്

തിരുവനന്തപുരം: തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രൊഫ. കെ.വി. തോമസിന് മന്ത്രി പദവിയോടെ കെ റെയില്‍ ചെയര്മാന് സ്ഥാനം സിപിഎം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ചെറിയാന് ഫിലിപ്. കെ.വി. തോമസിന്റെ നിലപാട് വാര്‍ധക്യത്തിന്റെ വിഭ്രാന്തിയാണെന്നും അദ്ദേഹം പരിഹസിച്ചു.
എന്നാല്‍ തോമസിനെക്കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെങ്കില്‍ താമസിയാതെ കൊച്ചിക്കായലില്‍ വലിച്ചെറിയുമെന്നും ചെറിയാന് ഫിലിപ് പറഞ്ഞു. പുതുതായി രൂപംകൊണ്ട സിപിഎം- ബിജെപി രഹസ്യബന്ധത്തിന്റെ മധ്യസ്ഥനാണ് കെ.വി. തോമസ്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയന് മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് തോമസ്.
ന്യൂഡല്‍ഹിയില്‍ അമിത് ഷായുടെയും സീതാറാം യെച്ചൂരിയുടെയും വീട്ടിലെ നിത്യസന്ദര്‍ശകനാണ്. ബിജെപി, സിപിഎം നേതാക്കളില്‍ പലരും കൊച്ചിയിലെത്തുമ്പോള്‍ തോമസിന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കുന്നു. ന്യൂനപക്ഷ വോട്ട് കിട്ടാന്‍ പരസ്യമായി ബിജെപി വിരുദ്ധത അഭിനയിക്കുന്ന സിപിഎം രഹസ്യമായി ബിജെപി ബന്ധം സ്ഥാപിച്ചിരിക്കുന്നത് തോമസ് മുഖേനയാണെന്നും ചെറിയാന് ഫിലിപ് ആരോപിച്ചു.