രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ: സീ അവതാരകനെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഡ് പൊലീസിന്റെ ശ്രമം; രോഹിത്തിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്
NewsNational

രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ: സീ അവതാരകനെ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഡ് പൊലീസിന്റെ ശ്രമം; രോഹിത്തിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലീസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഡ് പൊലീസ് എത്തിയതോടെ ചാനല്‍ അവതാകരകനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു. ഛത്തീസ്ഗഡ് പൊലീസും യുപി പൊലീസും തമ്മില്‍ കയ്യാങ്കളിയുണ്ടായി. സീ ഹിന്ദുസ്ഥാന്‍ ചാനല്‍ അവതാകരന്‍ രോഹിത് രഞ്ജന്റെ വീട്ടില്‍ ഛത്തീസ്ഗഡില്‍നിന്നുള്ള പൊലീസ് സംഘമെത്തിയപ്പോഴായിരുന്നു യുപി പൊലീസിന്റെ നാടകീയനീക്കം. അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഡ് പൊലീസ് എത്തിയതിന് പിന്നാലെ രോഹിത് രഞ്ജന്‍ യുപി പൊലീസിനെ ഉദ്ധരിച്ച് ട്വീറ്റ് ചെയ്തു.

അറസ്റ്റ് ചെയ്യാന്‍ ഛത്തീസ്ഗഡ് പൊലീസ് എത്തിയെന്നും ലോക്കല്‍ പൊലീസിനെ അറിയിക്കാതെയുള്ള വരവ് നിയമപരമാണോയെന്നുമായിരുന്നു അവതാകരന്‍ കുറിപ്പില്‍ ഉന്നയിച്ചത്. ഛത്തീസ്ഗഡ് സംഘവുമായി സഹകരിക്കാന്‍ അവതാരകന്‍ തയ്യാറായില്ല. പിന്നാലെ വീട്ടിലേക്ക് നോയിഡ പൊലീസ് എത്തുകയും അവതാകരനെ ഉത്തര്‍പ്രദേശ് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഇതാണ് കയ്യങ്കളിയിലേക്ക് നീങ്ങിയത്.

സംഭവത്തില്‍ മുന്‍ കേന്ദ്രമന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ് ഉള്‍പ്പെടെ ബിജെപി നേതാക്കള്‍ക്കെതിരെയും കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് ഭരണത്തിലുള്ള രാജസ്ഥാനിലും ഛത്തീസ്ഗഡിലുമാണ് പരാതി നല്‍കിയത്. വയനാട്ടില്‍ എത്തിയ രാഹുല്‍ ഗാന്ധി തന്റെ ഓഫിസ് ആക്രമിച്ചവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ഉദയ്പൂരില്‍ കനയ്യലാല്‍ എന്നയാളെ കഴുത്തറത്ത് കൊലപ്പെടുത്തിയവരോട് ക്ഷമിച്ചിരിക്കുന്നുവെന്ന തരത്തിലാണ് രാഹുല്‍ പ്രസംഗിച്ചതെന്നായിരുന്നു സമൂഹമാധ്യമത്തിലെ വ്യാജ പ്രചാരണം.

Related Articles

Post Your Comments

Back to top button