അമ്പലം വിഴുങ്ങിയായി മാറുന്ന ശിശുക്ഷേമ സമിതി
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു എന്‍ജിഒ ആണ് ശിശുക്ഷേമ സമിതി. 1960ല്‍ ട്രാവന്‍കൂര്‍- കൊച്ചിന് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു സ്ഥാപനം മാത്രമാണ് സമിതി. ക്ലബുകളും സാംസ്കാരിക സ്ഥാപനങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതുപോലെ മാത്രം രജിസ്റ്റര്‍ ചെയ്ത ഈ എന്‍ജിഒയ്ക്ക് ജില്ലകളില്‍ തോറും ശാഖകളുണ്ട്. ഈ സമിതിയില്‍ ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ സര്‍ക്കാര്‍ നിയോഗിക്കുന്നുണ്ട്. മാത്രമല്ല മുഖ്യമന്ത്രി പ്രസിഡന്റും സാമൂഹിക നീതി വകുപ്പ് മന്ത്രി ഒന്നാം വൈസ് പ്രസിഡന്റുമാണ്.
ഇതാണ് ശിശുക്ഷേമ സമിതിക്ക് സര്‍ക്കാരുമായുള്ള ബന്ധം. ഇതുകൂടാതെ സര്‍ക്കാരിന് ഈ സമിതിയില്‍ യാതൊരു ബന്ധവുമില്ല. സെക്രട്ടറിയായി ഭരണമുന്നണിയുടെ ഒരാളെ പ്രതിഷ്ഠിച്ച് അതില്‍ നിന്നും ലാഭം കൊയ്യുന്ന രാഷ്ട്രീയ സംസ്കാരം തന്നെയാണ് ഈ സമിതിക്ക് സര്‍ക്കാര്‍ ഏജന്‍സിയെന്ന പദവിയുണ്ടെന്ന് വിശ്വസിപ്പിക്കുന്നത്. അര്‍ധ ജുഡീഷ്യല്‍ ബോഡിയായ സിഡബ്ല്യുസിക്ക് മാത്രമാണ് നിയമപരമായ നിലനില്‍പ്പ്.
അതുകൊണ്ട് മാത്രമാണ് അനുപമ ദത്ത് വിവാദത്തില്‍ ശിശുക്ഷേമസമിതിക്ക് നിര്‍ദേശം നല്‍കാതെ സിഡബ്ല്യുസിയോട് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ കുടുംബകോടതി ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ ശിശുക്ഷേമത്തിനു വേണ്ടിയുള്ള ഫണ്ടില്‍ അന്‍പത് ശതമാനവും ഒഴുകുന്നത് ശിശുക്ഷേമ സമിതിക്കാണ്.
ശിശുദിന സ്റ്റാമ്പില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും സമിതിക്കാണ്. അനധികൃത ദത്ത് വിവാദവും അലംഭാവവും അഴിമതിയും തൊഴുത്തില്‍ കുത്തും കാരണം ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പൂട്ടിക്കെട്ടിയ സ്ഥാപനമാണ് ശിശുക്ഷേമ സമിതി. സര്‍ക്കാര്‍ ഫണ്ടും ശിശുദിന സ്റ്റാമ്പിന്റെ വരുമാനവും വന്നിട്ടും ശിശുക്ഷേമ സമിതിയുടെ കാര്യങ്ങള്‍ പരമദയനീയമാണ്. ജീവനക്കാര്‍ക്ക് നേരെ ചൊവ്വെ ശമ്പളം നല്കാന് സമിതിക്ക് കഴിയുന്നില്ല. കുട്ടിക്കടത്ത് പോലുള്ള സംഭവങ്ങള്‍ക്ക് സമിതി നേതൃത്വം നല്‍കുകയും ചെയ്യുന്നു.
ദത്ത് വിഷയത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്കും (സിബ്ല്യുസി) ശിശുക്ഷേമ സമിതിക്കും ഗുരുതരമായ വീഴ്ച പറ്റിയെന്ന് വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി. അനുപമയുടെ നേതൃത്വത്തില്‍ നടത്തിയ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. ഗുരുതരമായ ആരോപണങ്ങള്‍ ദത്ത് വിവാദത്തിന്റെ കാര്യത്തില്‍ ശിശുക്ഷേമ സമിതിക്ക് നേരെ ഉയര്‍ന്ന പശ്ചാത്തലത്തില്‍ സമിതി പിരിച്ചുവിട്ടു പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ കേരളത്തില്‍ മുഴങ്ങുന്നത്.