Latest NewsNationalNewsWorld

അതിർത്തിയുടെ പേരിൽ ചൈന, ഭൂട്ടാനുമായും ശണ്ഠക്കൊരുങ്ങുന്നു.

ഇന്ത്യയുമായും നേപ്പാളുമായും ആയിട്ടുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് പിറകെ അതിർത്തിയുടെ പേരിൽ ഭൂട്ടാനുമായും ശണ്ഠക്കൊരുങ്ങുകയാണ് ചൈന. അരുണാചല്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാന്റെ കിഴക്കന്‍ മേഖല തര്‍ക്കപ്രദേശമാണെന്നാണ് ചൈന ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.
കിഴക്കന്‍ ഭൂട്ടാനിലെ സക്‌തെംഗ് വന്യജീവിസംരക്ഷണ കേന്ദ്രം തങ്ങളുടേതാണെന്ന് ചൈന നേരത്തെ അവകാശപ്പെട്ടിരുന്നു. അതില്‍ ഭൂട്ടാന്‍ പ്രതിഷേധം അറിയിച്ചതിന് പിറകെ കിഴക്കന്‍ മേഖല തര്‍ക്കപ്രദേശമാണെന്ന് ചൈന അവകാശപ്പെട്ടിരിക്കുകയാണ്. ഭൂട്ടാന്‍ – ചൈന അതിര്‍ത്തി ഇതുവരെ അടയാളപ്പെടുത്തിയിട്ടില്ല. അതിര്‍ത്തിയുടെ കിഴക്കും പടിഞ്ഞാറും നടുക്കും ഉൾപ്പടെ ഏറെക്കാലമായി തർക്കം നില നിൽക്കുകയാണ്. ചൈനീസ് വിദേശമന്ത്രാലയം ഞായറാഴ്ച ബീജിംഗില്‍ മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ആണ് കിഴക്കൻ മേഖല തർക്ക പ്രദേശമാണെന്നു ചൈന പറഞ്ഞിരിക്കുന്നത്.
സക്‌തെംഗ് വന്യജീവി സംരക്ഷണ കേന്ദ്രത്തിന് യു. എന്‍ ഫണ്ട് അനുവദിക്കുന്നതിനെ കഴിഞ്ഞ മാസം ചൈന എതിർത്തിരുന്നു. അരുണാചല്‍ പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാനിലെ ത്രാഷിഗാംഗ് സോംഖാഗ് ജില്ലയിലാണ് സക്‌തെംഗ് വന്യജീവിസംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്. 1984 മുതല്‍ 2016വരെ ചൈനയും ഭൂട്ടാനും തമ്മില്‍ നടന്ന 24 അതിര്‍‌ത്തി ചര്‍ച്ചകളില്‍ ഒരിക്കല്‍ പോലും ഈ പ്രദേശങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നില്ല. 2017ല്‍ ഇന്ത്യയുമായുണ്ടായ ദോക്‌ലാം സംഘര്‍ഷത്തിന് ശേഷം അതിര്‍ത്തി ചര്‍ച്ച നടന്നിട്ടുമില്ല. അതിനിടയ്‌ക്കാണ് ചൈന ഏകപക്ഷീയമായി ഈ പ്രദേശം തര്‍ക്കവിഷയമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ചൈനയുമായി നയതന്ത്ര ബന്ധം ഇല്ലാത്ത ഭൂട്ടാന്‍ ഡല്‍ഹിയിലെ ചൈനീസ് എംബസിയെയാണ് പ്രതിഷേധം അറിയിച്ചത്. സക്‌തെങ് വന്യമൃഗസംരക്ഷണ കേന്ദ്രം തങ്ങള്‍ക്ക് പരമാധികാരമുള്ള ഭൂമിയാണെന്നാണ് ഭൂട്ടാന്‍ പറയുന്നത്. തിബറ്റിലേക്ക് റോഡ് പണിയാന്‍ തങ്ങളുടെ അഞ്ചു ജില്ലകളിലെ 64 ഏക്കര്‍ സ്ഥലം ചൈന അനധികൃതമായി കൈയേറിയെന്നാണ് നേപ്പാള്‍ പറയുന്നത്. സ്ഥലം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രക്ഷോഭവും ശക്തിപ്രാപിച്ചിരിക്കുകയാണ്. ചൈനയുടെ മുന്നൊരുക്കം അഞ്ചുവിരല്‍ പദ്ധതിക്കോ?
അറുപതുകളില്‍ ചൈന പ്രഖ്യാപിച്ച അഞ്ചു വിരല്‍ പദ്ധതി നടപ്പിലാക്കുകയാണോ ലക്ഷ്യമിടുന്നതെന്ന് സംശയിക്കുന്നതായി ഇന്ത്യയിലെ പ്രവാസി ടിബറ്റ് ഗവണ്‍മെന്റ് പ്രസിഡന്റ് ലൊബ്സാംഗ് സാങ്കേ പറഞ്ഞു. ടിബറ്റ് കൈപ്പത്തിയാണെന്നും ലഡാക്ക്, നേപ്പാള്‍, ഭൂട്ടാന്‍, സിക്കിം, അരുണാചല്‍ പ്രദേശ് എന്നിവ അഞ്ച് വിരലുകളാണെന്നുമാണ് ചൈനയുടെ സിദ്ധാന്തം ആണ് ഈ അഞ്ചുവിരല്‍ പദ്ധതി.
ക്രമീകരണങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button