തയ്വാനെ വളഞ്ഞ് സമുദ്രത്തിലേക്ക് മിസൈല്‍ വര്‍ഷവുമായി ചൈന
NewsWorld

തയ്വാനെ വളഞ്ഞ് സമുദ്രത്തിലേക്ക് മിസൈല്‍ വര്‍ഷവുമായി ചൈന

ബീജിങ്: തായ്വാന്‍ ദ്വീപിന് ചുറ്റും ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്ത് ചൈന. അന്താരാഷ്ട്ര സമയം ഉച്ചയ്ക്ക് 12 മണിയോടെയാണ് ചൈന ആദ്യ മിസൈല്‍ തൊടുത്തുകൊണ്ട് പ്രകടനം ആരംഭിച്ചത്. മിസൈല്‍ പ്രയോഗിച്ചതായി ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും തയ്വാന്‍ പ്രതിരോധമന്ത്രാലയവും സ്ഥിരീകരിച്ചു. തയ്വാന്റെ വടക്ക് കിഴക്കന്‍, തെക്ക് പടിഞ്ഞാറന്‍ തീരത്തിന് സമീപത്തുള്ള സമുദ്രഭാഗത്തും ആകാശത്തും നിരവധി മിസൈല്‍ തൊടുത്തതായി ചൈനയുടെ ഈസ്റ്റേണ്‍ തീയേറ്റര്‍ കമാന്‍ഡ് അറിയിച്ചു.

അതേസമയം ചൈന നടത്തിയത് ബാലിസ്റ്റിക് മിസൈല്‍ പ്രയോഗമാണെന്നാണ് തയ്വാന്‍ പ്രതിരോധമന്ത്രി പ്രതികരിച്ചത്. പ്രദേശത്തിന്റെ സമാധാനം തകര്‍ക്കുന്ന യുക്തിരഹിതമായ നടപടിയാണ് ചൈനയുടേതെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ഇതിന് മുന്‍പ് ഏറ്റവും ഒടുവില്‍ 1996ല്‍ ആണ് ചൈന തയ്വാന് ഭീഷണി ഉയര്‍ത്തി സൈനികാഭ്യാസം നടത്തിയത്. ഇക്കുറി യുഎസ് ജനപ്രതിനിധി നാന്‍സി പെലോസിയുടെ തയ്വാന്‍ സന്ദര്‍ശനമാണ് ചൈനയെ പ്രകോപിപ്പിച്ചത്. തയ്വാനെ ചുറ്റി ആറ് മേഖലകളിലായി നിശ്ചയിച്ചിരിക്കുന്ന അഭ്യാസം വ്യാഴാഴ്ച മുതല്‍ ഞായറാഴ്ചവരെ നീണ്ടുനില്‍ക്കും.

ഇതുവരെ കാണാത്തവിധത്തിലുള്ള ശക്തിപ്രകടനത്തിനാണ് ചൈന ഒരുങ്ങുന്നത്. തായ്വാനുമേലുള്ള ആധിപത്യം ലോകത്തെ ബോധ്യപ്പെടുത്തുകയാണ് ചൈനയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. പെലോസി തയ്വാനില്‍ വിമാനമിറങ്ങിയതിനു തൊട്ടുപിന്നാലെ ചൈന സൈനിക വിന്യാസം ആരംഭിച്ചിരുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 21 യുദ്ധവിമാനങ്ങള്‍ ചൊവ്വാഴ്ച തങ്ങളുടെ വ്യോമ പ്രതിരോധ മേഖലയില്‍ കടന്നെന്ന് തയ്വാന്റെ പ്രതിരോധമന്ത്രാലയം സ്ഥിരീകരിച്ചു. തയ്വാനെ ചുറ്റിയുള്ള സൈനികാഭ്യാസം ആവശ്യവും നീതിയുക്തവുമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പെലൊസിയുടെ സന്ദര്‍ശന ശേഷം ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ക്കെല്ലാം ഉത്തരവാദി അമേരിക്കയാണെന്ന് ചൈന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തായ്‌വാന്‍ വിഷയത്തില്‍ ചൈനീസ് നിലപാടിന് റഷ്യയുടെ പിന്തുണയുണ്ട്. എന്നാല്‍ ചൈനയുടെ നിലപാട് തായ്‌വാന്‍ അംഗീകരിക്കുന്നില്ല. അതേസമയം, ഓദ്യോഗിക ബന്ധം ചൈനയുമാണെന്നും തായ്‌വാവാനുമായുള്ളത് അനൗദ്യോഗികമായ ദൃഢബന്ധമെന്നാണ് അമേരിക്കന്‍ നിലപാട്.

Related Articles

Post Your Comments

Back to top button