പാംഗോഗ് തടാകത്തിന് കുറുകെ ചൈനയുടെ പാലം നിര്‍മ്മാണം അന്തിമഘട്ടത്തില്‍

ലഡാക്ക്: കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയിലെ പാംഗോഗ് തടാകത്തിന് കുറുകെ ചൈന നിര്‍മിക്കുന്ന പാലം അവസാനഘട്ടത്തിലെത്തിയതായി ഉപഗ്രഹ ചിത്രങ്ങള്‍. പതിറ്റാണ്ടുകളായി ചൈനയുടെ നിയന്ത്രണത്തില്‍ തുടരുന്ന ഇന്ത്യയുടെ അവകാശവാദ രേഖയ്ക്ക് സമീപമാണ് പാലം നിര്‍മിക്കുന്നത്. നേരത്തേ പാംഗോഗ് തടാകത്തിന് കുറുകെ ചൈനീസ് പട്ടാളം പാലം നിര്‍മിച്ചതിനെ ഇന്ത്യ അപലപിച്ചിരുന്നു. 60 വര്‍ഷമായി ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്താണ് പാലം നിര്‍മിക്കുന്നതെന്നാണ് ഇന്ത്യ ആരോപിച്ചിരുന്നത്.
പാംഗോഗ് തടാകത്തിന്റെ വടക്കും തെക്കും കരകളെ ബന്ധിപ്പിക്കുന്ന രീതിയിലാണ് പാലം നിര്‍മിക്കുന്നത്. നിര്‍മാണത്തിലിരിക്കുന്ന പാലത്തിന്റെ പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് ശൈത്യകാലത്ത് നിര്‍മാണത്തിന്റെ വേഗത ഉയര്‍ന്നിട്ടുണ്ട് എന്നാണ്. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ചൈനീസ് നിര്‍മാണത്തിന്റെ തെളിവുകള്‍ പുറത്ത് വിട്ടിരിക്കുന്നത്.
തെക്കന്‍ തീരത്ത് നിന്ന് ഏതാനും മീറ്റര്‍ കൂടി നിര്‍മിച്ചാല്‍ പാലം പൂര്‍ത്തിയാകും. ഇതോടെ ശൈത്യകാലത്തും അതിര്‍ത്തിയില്‍ ചൈനീസ് ഭടന്മാര്ക്ക് എളുപ്പം എത്തിച്ചേരാനാവും. ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായ അവസരത്തില്‍ മിന്നല്‍ നീക്കത്തിലൂടെ കൈലാഷ് മലനിരകളില്‍ ഉയരങ്ങളിലെ നിര്‍ണായക സ്ഥാനങ്ങളുടെ നിയന്ത്രണം ഇന്ത്യ കൈക്കലാക്കിയിരുന്നു. ഇതാണ് പുതിയ പാലത്തിന്റെ നിര്‍മാണത്തിന് ചൈനയെ പ്രേരിപ്പിച്ചതെന്ന് കരുതുന്നു.