സിനിമാ പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും സൗജന്യമായി കൊറോണ വാക്‌സിൻ ; പ്രഖ്യാപിച്ച് ചിരഞ്ജീവി
കൊറോണ മഹാമാരിയുടെ രണ്ടാം തരംഗം ഭീകരമായ സ്ഥിതിയിലേക്ക് പോകുന്ന സാഹചര്യത്തിൽ ചലച്ചിത്ര പ്രവർത്തകർക്കും മാധ്യമ പ്രവർത്തകർക്കും സൗജന്യ കൊറോണ വാക്‌സിൻ നൽകാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്ജീവി. ചിരഞ്ജീവി നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി അപ്പോളോ 247മായി ചേർന്നാണ് വാക്സിൻ നൽകുന്നത്.
ട്വിറ്ററിലൂടെയാണ് ചിരഞ്ജീവി ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22 മുതൽ വാക്സിൻ നൽകി തുടങ്ങും. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന വിതരണം ആയിരിക്കും നടക്കുകയായിരുന്നും ചിരഞ്ജീവി വ്യക്തമാക്കി. 45 വയസിന് മുകളിലുള്ള തെലുങ്ക് മാധ്യമപ്രവർത്തകർക്കും സിനിമാ പ്രവർത്തകർക്കുമാണ് കൊറോണ വാക്‌സിൻ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം തെലുങ്ക് ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരുടെ സഹായത്തോടെയാണ് ചിരഞ്ജീവി കൊറോണ ക്രൈസിസ് ചാരിറ്റി ആരംഭിക്കുന്നത്. ലോക്ക്ഡൗൺ കാലത്ത് സിനിമ മേഖലയിലെ നിരവധി പേർക്ക് സഹായങ്ങൾ സംഘടന നടത്തിയിരുന്നു.