‘വിളിച്ചാല്‍ വിളി കേള്‍ക്കാത്ത വീണ’; വിമര്‍ശനമുയര്‍ത്തി ചിറ്റയം

തിരുവനന്തപുരം: ആരോഗ്യ മന്ത്രി വിണാ ജോര്‍ജിനെ രൂക്ഷമായി വിമര്‍ശിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. വിളിച്ചാല്‍ ഫോണ്‍ എടുക്കാനുള്ള മര്യാദപോലും മന്ത്രി കാട്ടാറില്ലെന്ന് ചിറ്റയം ആരോപിച്ചു. എന്റെ കേരളം പ്രദര്‍ശനത്തില്‍ തന്നെ അവഗണിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഫോണ്‍ വിളിച്ചാല്‍ എടുക്കാനുള്ള മര്യാദ പോലും മന്ത്രിക്കില്ല. കൂടിയാലോചനയ്ക്കായി എംഎല്‍എമാരെ മന്ത്രി വിളിക്കാറില്ല. വീണാ ജോര്‍ജിന് ഏകോപനം അറിയില്ല- ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
അടൂര്‍ മണ്ഡലത്തില്‍ ആരോഗ്യ മന്ത്രി പങ്കെടുക്കുന്ന പരിപാടികളൊന്നും തന്നെ എംഎല്‍എയായ എന്നെ അറിയിക്കാറില്ല. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പോലും ഇത്തരത്തില്‍ അവഗണന നേരിട്ടിട്ടില്ല. പരാതികള്‍ ജില്ലാ നേതൃത്വത്തോട് പറഞ്ഞിരുന്നു. അതില്‍ യാതൊരു ഫലവും കാണാത്തതിനാലാണ് ഇപ്പോള്‍ തുറന്ന് പറയേണ്ടിവന്നതെന്നും ചിറ്റയം വ്യക്തമാക്കി. ആരോഗ്യ മന്ത്രി തന്നെ തുടര്‍ച്ചയായി അവഗണിക്കുന്നുവെന്ന് ആരോപിച്ച് എന്റെ കേരളം പ്രദര്‍ശനത്തിന്റെ ഉദ്ഘാടനത്തില്‍ നിന്ന് ചിറ്റയം ഗോപകുമാര്‍ വിട്ടുനിന്നിരുന്നു.