തൃക്കാക്കരയിലെ പ്രചാരണം കൊഴുപ്പിക്കാന്‍ മുഖ്യന് ഇന്ന് ഇറങ്ങും; വേദി പങ്കിടാന്‍ കെ.വി. തോമസും

കൊച്ചി: ഉപ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടേറ്റി മുഖ്യമന്ത്രി പിണറായി വിജയന് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് വോട്ട് ഉറപ്പിക്കാന്‍ ഇന്ന് തൃക്കാക്കര മണ്ഡലത്തില്‍ എത്തും. കോണ്‍ഗ്രസുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാവ് കെ.വി. തോമസും എല്‍ഡിഎഫിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും.
മുഖ്യമന്ത്രിയെ തൃക്കാക്കരയില്‍ നേരിട്ട് പ്രചാരണ രംഗത്ത് ഇറക്കുന്നതിലൂടെ നൂറാം സീറ്റ് ഉറപ്പിക്കുന്നതില്‍ നിന്ന് ഒരു ചുവടുപോലും പിന്നോട്ടില്ലെന്ന് സിപിഎം പ്രഖ്യാപിക്കുകയാണ്. വികസന രാഷ്ട്രീയം മുന്‍നിര്‍ത്തിയായിരിക്കും മുഖ്യമന്ത്രി തൃക്കാക്കരയിലെ സമ്മതിദായകരോട് സംസാരിക്കുക. ഇടത് സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി അക്കമിട്ടു നിരത്തും.
അന്തരിച്ച കോണ്‍ഗ്രസ് നേതാവും നിയമസഭയില്‍ തൃക്കാക്കരയുടെ പ്രതിനിധിയുമായിരുന്ന പി.ടി. തോമസുമായി ഏറെ അടുപ്പമുള്ള കെ.വി. തോമസിനെ ഒപ്പംകൂട്ടാനായത് സിപിഎമ്മിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. പി.ടിയുടെ പത്നി ഉമ തോമസ് കോണ്‍ഗ്രസിനായി കളത്തിലുള്ളപ്പോള് പോലും കെ.വി. തോമസ് ഇടതു മുന്നണിക്കായി വോട്ട് ചോദിക്കുന്നത് കെപിസിസി നേതൃത്വവുമായി അദ്ദേഹത്തിനുള്ള കടുത്ത വിയോജിപ്പ് അടിവരയിടുന്നു. കെ.വി. തോമസ് ഒപ്പമുള്ളത് തങ്ങള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്ന പൂര്‍ണ വിശ്വാസത്തിലാണ് ഇടതു മുന്നണി.