
എഡ്ജ്ബാസ്റ്റണ്: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ട്വന്റി20യില്‍ സെമിയില്‍ കടന്ന് ഇന്ത്യ. ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ബാര്‍ബഡോസിനെ 100 റണ്‍സിനു തകര്‍ത്താണ് ഇന്ത്യ കലാശപ്പോരിലേക്ക് ടിക്കറ്റെടുത്തത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 163 റണ്‍സ് ആണ് ബാര്‍ബഡോസിന് മുന്പില് വെച്ചത്. എന്നാല്‍ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രമാണ് ബാര്‍ബഡോസിന് കണ്ടെത്താനായത്. ജമീമ റോഡ്രിഗസ് (46 പന്തില്‍ 56) ആണ് ഇന്ത്യയുടെ ടോപ്പ് സ്കോറര്‍.
രണ്ടാം ഓവറില്‍ തന്നെ സ്മൃതി മന്ദന (5) മടങ്ങിയെങ്കിലും മൂന്നാം നമ്പറിലെത്തിയ ജമീമ റോഡ്രിഗസ് ഷഫാലി വര്‍മയ്ക്ക് ഉറച്ച പിന്തുണ നല്കി. 71 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടിനു ശേഷം ഷഫാലി മടങ്ങി. 26 പന്തില്‍ 43 റണ്‍സെടുത്ത താരം റണ്ണൗട്ടാവുകയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ തന്നെ ഹര്‍മന്‍പ്രീത് കൗറും ഏറെ വൈകാതെ വിക്കറ്റ് കീപ്പര്‍ തനിയ ഭാട്ടിയയും (6) മടങ്ങിയതോടെ ഇന്ത്യ പതറി. എന്നാല്‍, ദീപ്തി ശര്‍മയുമൊത്ത് അഞ്ചാം വിക്കറ്റില്‍ ജമീമ പടുത്തുയര്‍ത്തിയ അപരാജിതമായ 70 റണ്‍സ് കൂട്ടുകെട്ട് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.
ജമീമയും 28 പന്തില്‍ 34 റണ്‍സെടുത്ത ദീപ്തി ശര്‍മ്മയും നോട്ടൗട്ടാണ്. മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍ പോലും ഇന്ത്യക്ക് വെല്ലുവിളിയാവാന്‍ ബാര്‍ബഡോസിനു സാധിച്ചില്ല. ബൗളിംഗില്‍ രേണുക സിംഗ് 4 വിക്കറ്റ് വീഴ്ത്തി. ഓസ്ട്രേലിയക്കെതിരായ പ്രകടനം രേണുക സിംഗ് വീണ്ടും പുറത്തെടുത്തതോടെ ബാര്‍ബഡോസ് ടോപ്പ് ഓര്‍ഡര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ബാര്‍ബഡോസ് നിരയില്‍ ഏഴ് പേരാണ് ഒറ്റയക്കത്തിനു പുറത്തായത്. 16 റണ്‍സെടുത്ത കിഷോണ നൈറ്റ് ആണ് അവരുടെ ടോപ്പ് സ്കോറര്‍. ഇന്ത്യന്‍ ബൗളര്‍മാരില്‍ രേണുകയ്ക്കൊപ്പം മേഘ്ന സിംഗ്, സ്നേഹ് റാണ, രാധ യാദവ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ഗ്രൂപ്പ് എയില്‍ നിന്ന് ഇന്ത്യയും ഓസ്ട്രേലിയയുമാണ് സെമിയില്‍ കടന്നത്. ഓസ്ട്രേലിയ കളിച്ച മൂന്ന് മത്സരത്തിലും ജയം നേടി. ന്യൂസിലന്‍ഡും ഇംഗ്ലണ്ടുമാണ് ഗ്രൂപ്പ് ബിയില്‍ നിന്ന് സെമിയിലേക്ക് വരുന്നത്.ഓഗസ്റ്റ് ആറിനാണ് സെമിഫൈനല്‍.
Post Your Comments