അമിതാ ഷായെയും നരവനയെയും അറസ്റ്റ് ചെയ്യാന്‍ ലണ്ടനില്‍ പരാതി

ലണ്ടന്‍: കേന്ദ്രമന്ത്രി അമിത് ഷായെയും കരസേനാ മേധാവി ജനറല്‍ എം.എം. നരവനയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലണ്ടനില്‍ പരാതി. കൊല്ലപ്പെട്ട ലഷ്കര്‍ ഇ ത്വയ്ബ ഭീകരന് സിയ മുസ്തഫയ്ക്ക് വേണ്ടി ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റോക്ക് വൈറ്റ് എന്ന സംഘടനയാണ് ലണ്ടന്‍ പോലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഇരുവരും കുറ്റക്കാരണെന്നതിന് തെളിവുകള്‍ ഉണ്ടെന്നും സംഘടന വാദിക്കുന്നു.
സിയ മുസ്തഫയെ സ്വാതന്ത്ര്യസമര സേനാനിയെന്നാണ് സംഘടന വിശേഷിപ്പിക്കുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെക്കുറിച്ചും പരാതിയില്‍ പറയുന്നുണ്ട്. പാക്കിസ്ഥാന് പിന്തുണയ്ക്കുന്ന സംഘടനയാണ് സ്റ്റോക്ക് വൈറ്റ്. ലണ്ടനിലെ മെട്രോ പോളിറ്റന്‍ പോലീസിലെ വാര് ക്രൈംസ് യൂണിറ്റിനാണ് നടപടി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരിക്കുന്നത്. ജമ്മു കശ്മീരില്‍ നടക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം അമിത് ഷായും നരവനയുമാണെന്ന് പരാതിയില്‍ പറയുന്നു. ഇവര്‍ക്ക് പുറമേ ഉന്നത സൈനിക ഉദ്യോഗസ്ഥരായ എട്ട് പേര്‍ക്കെതിരെ നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.