കോണ്‍ഗ്രസ് സഖ്യം: സിപിഎം കേന്ദ്രകമ്മറ്റിക്കെതിരെ കേരള ഘടകം
തിരുവനന്തപുരം: കോണ്‍ഗ്രസുമായി കൂട്ടുകൂടാനൊരുങ്ങുന്ന സിപിഎം കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ കേരള ഘടകം രംഗത്ത്. കോണ്‍ഗ്രസ് നേതൃത്വം ദേശീയതലത്തില്‍ സ്വീകരിക്കുന്ന മൃദുഹിന്ദുത്വ സമീപനം കേരളത്തില്‍ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു നിലപാടിലേക്ക് സംസ്ഥാന നേതൃത്വത്തെ എത്തിച്ചിരിക്കുന്നത്. ഇന്ത്യയില്‍ കേരളത്തില്‍ മാത്രം അഡ്രസുള്ള പാര്‍ട്ടിയായി മാറിയ സിപിഎമ്മിന് അവസാനതുരുത്തും നഷ്ടപ്പെടുമെന്ന ബോധ്യമാണ് കേന്ദ്രകമ്മിറ്റി തീരുമാനത്തിനെതിരെ നില്‍ക്കാന്‍ പ്രേരണയായിരിക്കുന്നത്.
ന്യൂനപക്ഷ പ്രീണനമില്ലെങ്കില്‍ കേരളത്തിലെ മിക്കമണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടന്നാല്‍ കെട്ടിവച്ച പൈസ പോലും സിപിഎമ്മിന് തിരിച്ചുപിടിക്കാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. കേരളം വിട്ടാല്‍ ന്യൂനപക്ഷപ്രീണനത്തിന് ശ്രമിക്കുന്ന ആത്മഹത്യാപരമാണെന്ന് കോണ്‍ഗ്രസിന് തിരിച്ചറിവുണ്ട്. ദേശീയ തലത്തില്‍ സിപിഎമ്മിന്റെ തീരുമാനങ്ങളില്‍ കേരള ഘടകത്തിന്റെ നിലപാട് നിര്‍ണായകമാണ്. കേരള ഘടകത്തെ പിണക്കിയാല്‍ സിപിഎമ്മിന് പാര്‍ട്ടി ഓഫിസുകള്‍ക്ക് നല്‍കാനുള്ള വാടക പോലും ലഭിക്കില്ലെന്നും പരിഹാസരൂപേണ ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രാഹുലിന്റെയും പ്രിയങ്കയുടെയും നേതൃത്വത്തെ കോണ്‍ഗ്രസുകാര്‍ പോലും അംഗീകരിക്കുന്നില്ല. ഏതുവിധേനയും അധികാരത്തില്‍ തിരിച്ചെത്തണമെന്ന വാശിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ പ്രവര്‍ത്തിക്കുമ്പോള്‍ അടിത്തറ ഇളകിപ്പോവുകയാണ്. കോണ്‍ഗ്രസിനോടൊപ്പം നിന്നാല്‍ കേരളത്തിലും ബംഗാളിലെയും ത്രിപുരയിലേയും അവസ്ഥ വരുമെന്ന് സിപിഎം ഭയക്കുന്നു. പാര്‍ട്ടിയുടെ കേരള ഘടകം കേന്ദ്രകമ്മിറ്റി തീരുമാനത്തെ എതിര്‍ത്തതോടെ ദേശീയ നേതൃത്വം ഇനിയെന്തുചെയ്യുമെന്ന അവസ്ഥയിലാണ്. കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ ഇപ്പോള്‍ ബംഗാള്‍ ഘടകത്തിനും താത്പര്യമില്ല.
സിപിഎം പ്രവര്‍ത്തകര്‍ക്ക് ത്രിണമൂല്‍ കോണ്‍ഗ്രസില്‍ നിന്നും നേരിടുന്ന അക്രമങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്യുന്നില്ലെന്ന് ബംഗാളിലെ നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എന്നും കോണ്‍ഗ്രസിനോട് ഒരു ചായ്‌വുണ്ടെന്ന് സിപിഎം കേരള ഘടകത്തിലെ പല നേതാക്കളും കുറ്റപ്പെടുത്തുന്നുണ്ട്. അടുത്തുതന്നെ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാനിരിക്കെ കേരള ഘടകത്തെ പിണക്കിയാല്‍ ജനറല്‍ സെക്രട്ടറി സ്ഥാനം നഷ്ടപ്പെടുമെന്ന ആശങ്കയും യെച്ചൂരിക്കുണ്ട്. ബിജെപിയെ തോല്‍പിക്കാന്‍ കോണ്‍ഗ്‌സുമായി കൂട്ടുകൂടിയാല്‍ കേരളത്തിലെ ഹൈന്ദവവോട്ടുകള്‍ ബിജെപിയിലേക്ക് ഒഴുകുമെന്ന ഭീതിയും കേരള ഘടകം പങ്കുവയ്ക്കുന്നുണ്ട്.