പുതിയ പാര്‍ട്ടിയുമായി പഴയ ആള്‍ക്കാര്‍ വരുമ്പോള്‍ കോണ്‍ഗ്രസ് എന്തു ചെയ്യും..?
NewsNationalPolitics

പുതിയ പാര്‍ട്ടിയുമായി പഴയ ആള്‍ക്കാര്‍ വരുമ്പോള്‍ കോണ്‍ഗ്രസ് എന്തു ചെയ്യും..?

ഒരു അധ്യക്ഷന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് കോണ്‍ഗ്രസ്. തന്ത്രവും കുതന്ത്രവും മെനഞ്ഞ് ആ സ്ഥാനത്തിന് വേണ്ടിയുള്ള പോരില്‍ നേതാക്കളും…. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയും, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞെടുപ്പും വന്‍ ചര്‍ച്ചയാവുന്ന സാഹചര്യത്തില്‍ ഏറെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസില്‍ നിന്നും ഇറങ്ങിപ്പോയ ഗുലാം നബി ആസാദ് തന്റെ പുതിയ പാര്‍ട്ടിയുമായി രംഗത്ത് വന്നിരിക്കുകയാണ്. ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി എന്നാണ് മുന്‍ കേന്ദ്രമന്ത്രികൂടിയായിരുന്ന ഗുലാം നബി ആസാദിന്റെ പുതിയ പാര്‍ട്ടിയുടെ പേര്. ജമ്മുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആസാദിന്റെ പുതിയ പാര്‍ട്ടി പ്രഖ്യാപനം. ത്രിവര്‍ണമാണ് പാര്‍ട്ടിയുടെ പതാക.

പതാകയിലെ മഞ്ഞയും തവിട്ടും കലര്‍ന്ന നിറം നാനാത്വത്തിലെ ഏകത്വവും, വെള്ള സമാധാനത്തേയും നീല സ്വാതന്ത്ര്യത്തേയും പ്രതിനിധാനം ചെയ്യുന്നുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. ഉര്‍ദുവിലും സംസ്‌കൃതത്തിലുമൊക്കെയായി 1500 ഓളം പേരുകളാണ് പുതിയ പാര്‍ട്ടിക്കായി ലഭിച്ചത്. ജനാധിപത്യം, സമാധാനം, സ്വാതന്ത്ര്യം എന്നിവയിലൂന്നിയ പേരാണ് തങ്ങള്‍ ആഗ്രഹിച്ചതെന്നും, പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുകയെന്നതാണ് ഇനി പ്രധാന മുന്‍ഗണനയെന്നും അദ്ദേഹം പറയുന്നു.

ഹൈക്കമാന്‍ഡുമായി ഇടഞ്ഞ ഗുലാം നബി ആസാദ് ഒരു മാസം മുമ്പാണ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്. ജമ്മു കാശ്മീര്‍ കോണ്‍ഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷനായി നിയമിച്ച മണിക്കൂറുകള്‍ പിന്നിടുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ രാജി. 1973-ല്‍ ഭലീസയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ സെക്രട്ടറിയായിട്ടാണ് ഗുലാം നബി ആസാദിന്റെ പൊതു രംഗപ്രവേശനം. പിന്നീട് യൂത്ത് കോണ്‍ഗ്രസ് നേതാവായി മാറിയ ആസാദ് 80ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ വഷീം മണ്ഡലത്തില്‍ നിന്ന് ആദ്യമായി മത്സരിച്ച് ജയിച്ചു. 82-ല്‍ കേന്ദ്രമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.

1990-ല്‍ ആദ്യമായി രാജ്യസഭാംഗമായ ആസാദ് പിന്നീട് നാല് തവണ കൂടി രാജ്യസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2002-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടിയപ്പോള്‍ രണ്ടാം ടേമില്‍ 2005-ല്‍ ആദ്യമായി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രിയായി. 2008-ല്‍ സഖ്യകക്ഷിയായ പി.ഡി.പി പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നൊഴിഞ്ഞ ആസാദ് 2009-ല്‍ വീണ്ടും രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2009 മുതല്‍ 2014 വരെ രണ്ടാം മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2015-ല്‍ അഞ്ചാം വട്ടവും രാജ്യസഭയിലെത്തിയ ആസാദ് 2014 മുതല്‍ 2021 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് രാജിവെക്കുന്നതെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തെ അദ്ദേഹം അറിയിച്ചത്.

മുതിര്‍ന്ന നേതാവും ജമ്മു കശ്മീരിലെ മുന്‍ മന്ത്രിയുമായ ഗുലാം നബി ആസാദ് ഏറെ നാളായി പാര്‍ട്ടിയുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് പുനസംഘടനയില്‍ ഉള്‍പ്പടെയുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. പാര്‍ട്ടിയുടെ ദേശീയ രാഷ്ട്രീയ കാര്യ സമിതിയില്‍ അംഗമായിട്ടുള്ള ഗുലാം നബി ആസാദിനെ തരംതാഴ്ത്തുന്നതാണ് നിയമനമെന്ന നിലപാടിനെ തുടര്‍ന്നാണ് രാജിവെച്ചതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. പാര്‍ട്ടിയില്‍ ഇത്രയും പദവികളും നേട്ടങ്ങളും കൈവരിച്ചയാള്‍ പാര്‍ട്ടിവിട്ട് പോയത് കോണ്‍ഗ്രസിന് ക്ഷീണമാണെന്നാണ് വാദം. അല്ലെങ്കിലും പലസാഹചര്യത്തിലും പാര്‍ട്ടിയേക്കാള്‍ പ്രധാന്യം വ്യക്തികള്‍ക്കാണ് എന്ന് തോന്നിപ്പിച്ചിട്ടുണ്ട് കോണ്‍ഗ്രസും നേതാക്കളും.

Related Articles

Post Your Comments

Back to top button