കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്: അഞ്ച് എംഎല്‍എമാര്‍ രഹസ്യകേന്ദ്രത്തില്‍
NewsNationalPolitics

കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്: അഞ്ച് എംഎല്‍എമാര്‍ രഹസ്യകേന്ദ്രത്തില്‍

പനാജി: ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചേക്കേറുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. ആകെയുള്ള 11 എംഎല്‍എമാരില്‍ ആറ് പേര്‍ ബിജെപിയിലേക്ക് പോകുമെന്ന് നേതൃത്വം തന്നെ ഉറപ്പിച്ചിരിക്കുകയാണ്. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത്.

ബാക്കിയുള്ള അഞ്ച് പേരെയെങ്കിലും തങ്ങളുടെ കൂടെ നിര്‍ത്തുന്നതിനായി അവരെ കോണ്‍ഗ്രസ് നേതൃത്വം രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രതിപക്ഷനേതാവ് മൈക്കള്‍ ലോബോയും ബിജെപിയിലേക്ക് മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്തായാലും പ്രതിപക്ഷനേതൃസ്ഥാനത്ത് നിന്നും ലോബോയെ കോണ്‍ഗ്രസ് മാറ്റിയിട്ടുണ്ട്. പിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അഞ്ച് പേരെയാണ് കോണ്‍ഗ്രസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുന്നത്.

അതിനിടെ ബിജെപിയില്‍ ചേരുന്നതിനായി എംഎല്‍എമാര്‍ക്ക് 40 കോടി രൂപ വാഗ്ദാനം ചെയ്തതായി ഗോവ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ ഗിരീഷ് ചോദങ്കര്‍ ആരോപിച്ചു. കോണ്‍ഗ്രസിന്റെ ഗോവ ചുമതലയുള്ള ദിനേശ് ഗുണ്ടുറാവുവിനോട് ചില എംഎല്‍എമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായും ചോദങ്കര്‍ അവകാശപ്പെട്ടു.

നിലവില്‍ 20 എംഎല്‍എമാരുള്ള ബിജെപിക്ക് ഈ വര്‍ഷം അവസാനത്തോടെ 30 എംഎല്‍എമാരാകുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി സംസ്ഥാന ഇന്‍ചാര്‍ജുമായ സി.ടി. രവി പറഞ്ഞതോടെയാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നത്.

Related Articles

Post Your Comments

Back to top button