ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദര്‍ശനം കോണ്‍ഗ്രസുകാര്‍ വിവാദമാക്കുന്നു
NewsKeralaPolitics

ഉമ തോമസിന്റെ ബിജെപി ഓഫീസ് സന്ദര്‍ശനം കോണ്‍ഗ്രസുകാര്‍ വിവാദമാക്കുന്നു

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ബിജെപി ഓഫീസ് സന്ദര്‍ശിച്ചത് വിവാദമാക്കി കോണ്‍ഗ്രസിലെ ഗ്രൂപ്പ് നേതാക്കള്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായാണ് ഉമ ബിജെപി ഓഫീസിലെത്തിയതെന്ന് അവരോടൊപ്പമുള്ളവര്‍ പറഞ്ഞു. എന്നാല്‍ ഉമയെ എതിര്‍ക്കുന്ന വിഭാഗം അവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി മോഹം കൊണ്ടുനടന്നവര്‍ ഉമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതായി കോണ്‍ഗ്രസിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നുണ്ട്. ഇതിനിടെ മണ്ഡലത്തിലെ ലീഗ് നേതാക്കള്‍ എല്‍ഡിഎഫിലെ ഉന്നതരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും ചിലര്‍ ആരോപണം ഉയര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ മനംമടുത്താണ് അവര്‍ എല്‍ഡിഎഫുമായി ഒത്തുതീര്‍പ്പിലെത്താന്‍ ചര്‍ച്ച നടത്തിയതെന്നും പറയപ്പെടുന്നുണ്ട്.

ഇത് ഉമയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ അറിവോടെയാണെന്നും ഉമയെ തൃക്കാക്കരയില്‍ ഏതുവിധേനയും പരാജയപ്പെടുത്താനാണ് ഇവരുടെ നീക്കമെന്നും ആരോപണമുണ്ട്. മണ്ഡലത്തിലെ ഓരോ വോട്ടര്‍മാരോടും വോട്ട് ചെയ്യാന്‍ നേരിട്ടഭ്യര്‍ഥിക്കാനാണ് സ്ഥാനാര്‍ഥിയായ ഉമ തോമസ് എത്തിയതെന്ന് ഉമ തോമസിനോടൊപ്പമുള്ളവര്‍ പറഞ്ഞു.

എന്നാല്‍ മഹിള കോണ്‍ഗ്രസ് നേതാവും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുമായിരുന്ന വീണ എസ്. നായരടക്കമുള്ള നേതാക്കള്‍ ബിജെപി ഓഫീസ് സന്ദര്‍ശനത്തില്‍ നിന്ന് വിട്ടുനിന്നതാണ് എതിര്‍ഗ്രൂപ്പുകാര്‍ ആയുധമാക്കുന്നത്. പരാജയം ഉറപ്പായ സ്ഥിതിക്ക് കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ പേരില്‍ ബിജെപിയിലേക്ക് ചേക്കാറാനുള്ള ഉമയുടെ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. സിപിഎമ്മുമായി നീക്കുപോക്ക് നടത്തി എങ്ങിനെയും ഉമയുടെ പരാജയം ഉറപ്പാക്കാന്‍ ഒരു സംഘം ശ്രമിക്കുന്നുവെന്ന് യുഡിഎഫ് ഘടകകക്ഷികള്‍ തന്നെ ആരോപിക്കുന്നുണ്ട്.

Related Articles

Post Your Comments

Back to top button