CovidHealthLatest NewsNationalNews

കോവാക്‌സിന്‍ സൂപ്പര്‍ഹിറ്റാകുന്നു

ന്യൂഡല്‍ഹി: കൊറാണ വൈറസിനെതിരെ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വാക്സിനായ കോവാക്സിന്‍ മികച്ച ഫലം നല്‍കുന്നതായി കണ്ടെത്തല്‍. വാക്സിന് കാര്യമായ വിപരീതഫലമില്ല. 77.8% ഫലപ്രാപ്തിയുണ്ടെന്നും മൂന്നാം ഘട്ട ട്രയല്‍ ഫലത്തെ അടിസ്ഥാനമാക്കി റിപ്പോര്‍ട്ട്. സമ്പൂര്‍ണ പരീക്ഷണ ഫലം ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു.

കോവാക്സിന്‍ കാര്യമായ പ്രതിരോധശേഷി നല്‍കുന്നു, ഗുരുതര വിപരീതഫലങ്ങളില്ല എന്നിങ്ങനെയാണ് വാക്സീനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം തലവേദന, തളര്‍ച്ച, പനി, കുത്തിവയ്പ്പെടുത്ത സ്ഥലത്തെ വേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാകുമെന്നും ഇവ ഏഴ് ദിവസത്തിനകം മാറുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ട്രയല്‍ പൂര്‍ത്തിയാകും മുന്‍പു തന്നെ വാക്സീന് അംഗീകാരം നല്‍കിയതും മതിയായ ഡേറ്റയുടെ അഭാവത്തില്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി വൈകിയതും പലപ്പോഴും കോവാക്സിനെ വിവാദത്തിലാക്കിയിരുന്നു.

ഫലപ്രാപ്തി സംബന്ധിച്ചു വ്യക്തതയ്ക്കു കൂടുതല്‍ പേരില്‍ ട്രയല്‍ വേണമെന്ന ശുപാര്‍ശയും ലാന്‍സെറ്റ് റിപ്പോര്‍ട്ടിലുണ്ട്. 2020 നവംബര്‍ 16 മുതല്‍ ഈ വര്‍ഷം മെയ് 21 വരെ 25 ആശുപത്രികളിലായിരുന്നു ട്രയല്‍. 24,419 പേര്‍ പങ്കെടുത്തു. ഫലപ്രാപ്തി കൃത്യമായി മനസ്സിലാക്കാന്‍, 12,221 പേര്‍ക്കു വാക്സീനും 12,198 പേര്‍ക്കു വാക്സീനെന്ന രീതിയില്‍ മറ്റൊരു മരുന്നും (പ്ലാസിബോ) നല്‍കി.

ആകെ ആളുകളില്‍ 130 പേര്‍ക്കു മാത്രമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍, 24 പേര്‍ വാക്സീനെടുത്തവരും 106 പേര്‍ പ്ലാസിബോ സ്വീകരിച്ചവരുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 77.8% ആയി ഫലപ്രാപ്തി നിശ്ചയിച്ചത്. ട്രയലില്‍ പങ്കെടുത്തവരില്‍ 2750 പേര്‍ 60 വയസ്സിനു മുകളിലുള്ളവരും 5724 പേര്‍ മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങളുമായി കഴിയുന്നവരുമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button