CovidEducationKerala NewsLatest NewsNews

കോവിഡ് വ്യാപനം: സംസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും അടയ്ക്കുന്നു

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കാന്‍ തീരുമാനം. നിയന്ത്രണങ്ങളുടെ ഭാഗമായി ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണുണ്ടാവുക. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തില്‍ ഉണ്ടായിരിക്കുന്നത്.

രാത്രി കര്‍ഫ്യൂവോ, ഞായറാഴ്ച നിയന്ത്രണമോ ഇപ്പോഴുണ്ടാകില്ല. സ്ഥിതിഗതികള്‍ അടുത്ത രണ്ടാഴ്ച നിരീക്ഷിക്കും. അതിന് ശേഷമാകും കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണോ എന്ന കാര്യത്തില്‍ അന്തിമതീരുമാനം. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ ഓഫ് ലൈനായി തന്നെ തുടരും. മാര്‍ച്ച് അവസാനം നിശ്ചയിച്ച വാര്‍ഷിക പരീക്ഷകള്‍ മാറ്റാനിടയില്ല. അത്തരത്തില്‍ നിര്‍ണായകമായ പരീക്ഷകള്‍ മാറ്റേണ്ട സാഹചര്യം ഒഴിവാക്കാനാണ് വിദ്യാഭ്യാസവകുപ്പ് ശ്രമിക്കുന്നത്.

വീട്ടിലിരിക്കുന്ന കുട്ടികള്‍ക്ക് വിക്ടേഴ്‌സ് വഴിയാകുമോ ക്ലാസുകള്‍ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമാക്കി ഒരു മാര്‍ഗരേഖ വിദ്യാഭ്യാസവകുപ്പ് പുറത്തുവിടും. സ്‌കൂളുകളും കോളേജുകളും അടക്കമുള്ള എല്ലാ സ്ഥാപനങ്ങളും കോവിഡ് വ്യാപനം രൂക്ഷമാവുകയോ കൂടുതല്‍ രോഗികളുണ്ടെന്ന് കണ്ടെത്തുകയോ ചെയ്താല്‍ അടച്ചിടാന്‍ മേലധികാരികള്‍ക്ക് തീരുമാനിക്കാം.

സര്‍ക്കാര്‍ പരിപാടികള്‍ പരമാവധി ഓണ്‍ലൈന്‍ ആക്കാനും തീരുമാനമായിട്ടുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചുള്ള വാക്‌സിനേഷന്‍ ഡ്രൈവിനും സര്‍ക്കാര്‍ തയ്യാറെടുക്കുന്നുണ്ട്. ഇതുവരെ വാക്‌സിന്‍ എടുത്തവരുടെ കണക്ക് എടുത്ത ശേഷം വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്ക് അതിവേഗം വാക്‌സീന്‍ നല്‍കാനാണ് നീക്കം.

Related Articles

Back to top button