CovidHealthKerala NewsLatest NewsNews

കേരളത്തില്‍ കോവിഡ് വ്യാപനം തീവ്രം; ചികിത്സ പ്രതിസന്ധി രൂക്ഷം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വ്യാപനം തീവ്രമായതോടെ ചികിത്സ പ്രതിസന്ധി രൂക്ഷമായി. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞ അവസ്ഥയാണ്. കോഴിക്കോട് സ്വകാര്യ- സര്‍ക്കാര്‍ ആശുപത്രികളിലും ആലപ്പുഴ, തിരുവനന്തപുരം, മെഡിക്കല്‍ കോളേജ് ആശുപത്രിയിലും കിടക്കകള്‍ ഒഴിവില്ല. എറണാകുളം ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ പകുതിയില്‍ അധികം കിടക്കകളും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ആകെ ഉള്ള 25 ഐസിയു ബെഡുകളും 226 കോവിഡ് കിടക്കകകളും നിറഞ്ഞു. കൂടുതല്‍ രോഗികള്‍ ഡിസ്ചാര്‍ജ് ആയില്ലെങ്കില്‍ പ്രതിസന്ധി രൂക്ഷമാകും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനവും രൂക്ഷമാണ്. നൂറിലധികം നഴ്‌സുമാര്‍ക്കും 30 ഡോക്ടര്‍മാര്‍ക്കും ഇതിനകം കോവിഡ് സ്ഥിരീകരിച്ചു. കൂടുതല്‍ ഐസിയു ബെഡുകള്‍ സജ്ജമാക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ കിടക്കകളുടെ വിവരങ്ങള്‍ എത്രയും വേഗം അറിയിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ല ദുരന്ത നിവാരണ അതോറിറ്റിയാണ് നിര്‍ദേശം നല്‍കിയത്. ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ പകുതിയിലധികം കിടക്കകളും നിറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. ആരോഗ്യപ്രവര്‍ത്തകരുടെ എണ്ണം കുറയുന്നത് ഗുരുതര പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 240 കിടക്കകള്‍ ഉള്ളതില്‍ ഒന്ന് പോലും ഒഴിവില്ല. മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 54 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാരുടെ കുറവും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.

കോക്ടെയില്‍ കുത്തിവയ്പ് മരുന്നിനും ക്ഷാമം നേരിടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ 60 കിടക്കകളില്‍ 10 എണ്ണം മാത്രമാണ് ഒഴിവുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജിലെ കോവിഡ് ചികിത്സാവിഭാഗം ഏതാണ്ട് നിറഞ്ഞു. ഐസിയു ബെഡുകളിലും ഇനി കുറച്ചു മാത്രമാണ് ഒഴിവുള്ളത്. പാലക്കാട് ജില്ലയിലെ കോവിഡ് ബെഡുകളും ഏതാണ്ട് നിറഞ്ഞു. വയനാട് ജില്ലയില്‍ ആകെയുള്ള കോവിഡ് ബെഡുകളില്‍ 30 ശതമാനം നിറഞ്ഞു.

Related Articles

Back to top button