CovidLatest NewsNewsWorld

ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷം; നിയന്ത്രണങ്ങള്‍ക്കെതിരെ ജനരോഷം ഉയരുന്നു

ബീജിംഗ്: ചൈനയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് സീറോ കോവിഡ് നയത്തിലൂന്നി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ ജനരോഷം അനുദിനം വര്‍ധിച്ചുവരികയാണ്. ചൈനയുടെ സാമ്പത്തിക തലസ്ഥാനമായ ഷാംഗ്ഹായില്‍ ആറാഴ്ചയായി കര്‍ശന ലോക്ക്ഡൗണ്‍ തുടരുകയാണ്.

ഷാംഗ്ഹായിലെ 16 ജില്ലകളില്‍ നാലെണ്ണത്തില്‍ ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാനോ സാധനങ്ങള്‍ വാങ്ങാനോ കഴിയുന്നില്ല. ചില സ്ഥലങ്ങളില്‍ ഞായറാഴ്ച മാത്രം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ചൈനയുടെ തലസ്ഥാനമായ ബീജിംഗിലും നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. തെക്ക്- പടിഞ്ഞാറന്‍ ബീജിംഗിലെ പൗരന്മാര്‍ക്ക് പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമാണ് ഭരണകൂടം നല്‍കിയിരിക്കുന്നത്.

ബീജിംഗിലെ ഒട്ടുമിക്ക ഓഫീസുകളിലുള്ളവരോടും വീട്ടിലിരുന്ന് പണിയെടുക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. റസ്റ്റോറന്റുകള്‍ അടഞ്ഞ് കിടക്കുകയാണ്. പൊതുഗതാഗതം നിരോധിച്ചു. നിരവധി കെട്ടിടങ്ങളും പാര്‍ക്കുകളും സീല്‍ ചെയ്തിരിക്കുകയാണ്. കടുത്ത ഉപരോധങ്ങള്‍ രാജ്യമൊട്ടാകെ നടപ്പാക്കിയതോടെ ചൈനയുടെ സമ്പദ് വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇപ്പോള്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ചൈനയുടെ കയറ്റുമതി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ദുര്‍ബലമായ നിലയിലാണ്. ജനങ്ങളില്‍ നിന്നും എതിര്‍പ്പ് രൂക്ഷമാകുന്നത് കണ്ട ഭരണകൂടം ഭീഷണിപ്പെടുത്തിയാണ് ജനരോഷം അടിച്ചമര്‍ത്തുന്നത്. ഇങ്ങിനെ തുടര്‍ന്നാല്‍ ചിലപ്പോള്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ടേക്കാമെന്ന് ചില വിലയിരുത്തലുകളുണ്ടായിട്ടുണ്ട്.

Related Articles

Back to top button