CovidHealthKerala NewsLatest NewsLocal NewsNationalNews

കൊവിഡ് രോഗവ്യാപനം കേരളം കനത്ത ഭീതിയിലേക്ക്,

കൊവിഡ് രോഗവ്യാപനം കേരളത്തിൽ ഭയാശങ്ക സൃഷ്ടിക്കുകയാണ്. തിരുവനന്തപുരത്ത് കൊവിഡ് ബാധ രൂക്ഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെടുന്ന അവസ്ഥയാണ് ഉള്ളത്. എറണാകുളത്ത് 70 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 66 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഫോര്‍ട്ട് കൊച്ചി, തോപ്പുംപടി മേഖലയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ അറിയിച്ചിരിക്കുകയാണ്. ആലുവയില്‍ നടപ്പാക്കിയതിന് സമാനമായ നിയന്ത്രണങ്ങള്‍ ഫോര്‍ട്ട് കൊച്ചി, തോപ്പുംപടി മേഖലയില്‍ ഏര്‍പ്പെടുത്തും. ഫോര്‍ട്ട് കൊച്ചി മേഖലയില്‍ രോഗ വ്യാപനം ഉയരുന്ന സാഹചര്യത്തിലാണ് നടപടി. ജില്ലയില്‍ രോഗം ക്ലസ്റ്ററുകള്‍ക്ക് പുറത്തേക്ക് വ്യാപിക്കുന്ന സാഹചര്യമാണെന്നും ആലുവയില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കില്ലെന്നും വി.എസ് സുനില്‍ കുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മേനംകുളത്തെ കിൻഫ്രയിൽ 300 പേർക്ക് നടത്തിയ പരിശോധനയിൽ 88 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ പൊതുസ്ഥിതി എടുത്താൽ 12 പേരെ ടെസ്റ്റ് ചെയ്യുമ്പോഴാണ് ഒരാൾ പോസിറ്റീവായി മാറുന്നത്. കേരളത്തിൽ ഇത് 36ൽ ഒന്ന് എന്ന കണക്കിലാണ്. എന്നാൽ തിരുവനന്തപുരത്ത് 18 പേരെ ടെസ്റ്റ് ചെയ്യുമ്പോൾ ഒരാൾക്ക് കൊവിഡ് ബാധ സ്ഥിരീകരിക്കപ്പെടുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.
“എല്ലാ രോഗബാധിതരെയും കണ്ടെത്താനുള്ള സർവൈലൻസ് മെക്കാനിസമാണ് ജില്ലയിൽ നടത്തുന്നത്. ക്ലസ്റ്റർ രൂപപ്പെട്ടതായി ആദ്യം ശ്രദ്ധയിൽ പെട്ടത് ഈ മാസം അഞ്ചിനു പൂന്തുറയിലാണ്. ബീമാപള്ളി, പുല്ലുവിള മേഖലകളിൽ 15ആം തിയതിയോടു കൂടിയാണ് ക്ലസ്റ്ററുകൾ രൂപപ്പെട്ടത്. ലോകാരോഗ്യ സംഘടന വിവക്ഷിച്ചിരിക്കുന്ന മാർഗരേഖ അനുസരിച്ചാണ് രോഗനിയന്ത്രണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. വലിയ തുറ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കൊളത്തൂർ, പനവൂർ, കടക്കാവൂർ, കുന്നത്തുകാൽ, പെരുമാതുറ, പുതുക്കുറിശി തുടങ്ങിയ തീരദേശ മേഖലകളിൽ തുടർന്ന് ക്ലസ്റ്ററുകൾ രൂപപ്പെട്ടു.”- മുഖ്യമന്ത്രി പറയുന്നു.

എറണാകുളം ജില്ലയില്‍ ഫോര്‍ട്ട് കൊച്ചി, കളമശേരി, ഇടപ്പള്ളി, ചേരാനെല്ലൂര്‍ പ്രദേശങ്ങളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇവിടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കേണ്ട അവസ്ഥാനുള്ളത്. ജില്ലയില്‍ ഇതുവരെ ഒരുലക്ഷത്തില്‍ അധികം പേരുടെ സാമ്പിളുകള്‍ പരിശോധിച്ചു. സര്‍ക്കാര്‍, സ്വകാര്യ ലാബുകളില്‍ ആയാണ് സാമ്പിളുകള്‍ പരിശോധിച്ചത്. ആന്റിബോഡി പരിശോധനക്ക് പുറമെയാണിത്. ഫോര്‍ട്ട് കൊച്ചി മേഖലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്കായി കൊവിഡ് കെയര്‍ സെന്ററുകള്‍ അടിയന്തരമായി ആരംഭിക്കാന്‍ കോര്‍പറേഷന്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ അറിയിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു. നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ നടത്തിയ ആൻ്റിജൻ പരിശോധന നടത്തിയ 67 പേരിൽ 45 പേർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗം പേർക്കും ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിൽ ഇപ്പോൾ കണ്ടയ്ന്മെൻ്റ് സോണുകളായ 4, 27 വാർഡുകൾ ഒഴികെയുള്ള കാണക്കാരി, മാഞ്ഞൂർ, അയർക്കുന്നം, അതിരമ്പുഴ ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും ഉൾപ്പെടുത്തി പ്രത്യേക ക്ലസ്റ്റർ പ്രഖ്യാപിച്ചിരിക്കുകയാണ്.
വയനാട്ടിൽ തൊണ്ടര്‍നാട്, എടവക പഞ്ചായത്തുകളും മാനന്തവാടി നഗരസഭയും പൂര്‍ണമായി കണ്ടെയ്ന്‍മെന്റ് സോണാക്കി.
വാളാട് പ്രദേശത്ത് ആശങ്കാജനകമായ രീതിയില്‍ കോവിഡ് വ്യാപനത്തിനിടയായ മരണാനന്തര- വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തവര്‍ ഈ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലുമുള്ള പശ്ചാത്തലത്തിലാണ് തീരുമാനം. വാളാട് ഉള്‍പ്പെടുന്ന തവിഞ്ഞാല്‍ പഞ്ചായത്തും നിലവില്‍ പൂര്‍ണമായും കണ്ടെയ്ന്‍മെന്റാണ്.
ഇവിടങ്ങളില്‍ കര്‍ശനമായ നിയന്ത്രണങ്ങളാണ് ഉണ്ടാവുകയെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ ശക്തമായ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. ഈ മേഖലകളില്‍ പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങളുള്ള എല്ലാവരും അടിയന്തരമായി പി.എച്ച്.സികളില്‍ റിപ്പോര്‍ട്ട് ചെയ്യണം. പൂര്‍ണ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച തവിഞ്ഞാല്‍, തൊണ്ടര്‍നാട്, എടവക, മാനന്തവാടി എന്നീ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ രണ്ടാഴ്ചത്തേക്ക് വിവാഹ ചടങ്ങുകളോ അഞ്ച് പേരില്‍ കൂടുതലുള്ള മരണാനന്തര ചടങ്ങുകളോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button