CovidKerala NewsLatest NewsNewsPoliticsUncategorized

കോവിഡ് ക്ലസ്റ്ററുകളായി സിപിഎം സമ്മേളനങ്ങള്‍

തിരുവനന്തപുരം: കേരളത്തില്‍ അതിഭീകരമായി കോവിഡ് കുതിച്ചുയരുമ്പോഴും സമ്മേളനങ്ങള്‍ മാറ്റിവയ്ക്കാതെ സിപിഎം. ഫലത്തില്‍ സിപിഎം സമ്മേളനവേദികള്‍ കോവിഡ് ക്ലസ്റ്ററുകളായി മാറിക്കൊണ്ടിരിക്കുകയാണ്. തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനിടയിലും കാസര്‍ഗോഡ്, തൃശൂര്‍ ജില്ല സമ്മേളനങ്ങള്‍ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം.

പാര്‍ട്ടി നിലപാടിനെതിരേ അതിരൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയില്‍ രോഗവ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയ ഒരു കാരണം സിപിഎം ജില്ല സമ്മേളനമാണെന്നാണ് ആക്ഷേപം. സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിനിധികള്‍ക്ക് പുറമേ വൊളണ്ടിയറായും സംഘാടക സമിതിയിലും പ്രവര്‍ത്തിച്ച നിരവധി ആളുകള്‍ക്കും കോവിഡ് പിടിപെട്ടിട്ടുണ്ട്. നിരവധി പേര്‍ ടെസ്റ്റ് നടത്താതെ വീടുകളില്‍ ഐസൊലേഷനിലും കഴിയുന്നുണ്ട്.

മന്ത്രിമാര്‍ക്ക് അടക്കം കോവിഡ് ബാധിച്ച സ്ഥലമായി പാറശാലയിലെ ജില്ലാ സമ്മേളനം മാറി. 35 ക്ലസ്റ്ററുകളാണ് തിരുവനന്തപുരത്ത് രൂപപ്പെട്ടതെന്ന് ജില്ല ഭരണകൂടം വിലയിരുത്തുമ്പോള്‍ അതില്‍ ഒന്ന് സിപിഎം ജില്ല സമ്മേളനമാണ്. ടിപിആര്‍ 30 കടന്ന ജില്ലയില്‍ ഒരുതരത്തിലുള്ള പൊതുപരിപാടികളും നടത്തരുതെന്ന് കാണിച്ച് ശനിയാഴ്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവുണ്ടായിരുന്നു. പൊതുപരിപാടികളില്‍ നിന്ന് പിന്മാറണമെന്ന് ജില്ല കലക്ടറുടെ ഉത്തരവുണ്ടായിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് സിപിഎം ജില്ല സമ്മേളനം ഞായറാഴ്ചയും ഗാനമേള അടക്കമുള്ള പരിപാടികളോടെ പൂര്‍ത്തിയായത്.

കാസര്‍ഗോഡ് ജില്ല സമ്മേളനം 21 മുതല്‍ 23 വരെ മടികൈയില്‍ നടത്തും. ജനുവരി 15, 16, 17 തിയതികളില്‍ 23 ശതമാനം മാത്രമായിരുന്നു ജില്ലയിലെ ടിപിആര്‍. എന്നാല്‍ കഴിഞ്ഞ ദിവസം ഇത് 29.3 ശതമാനത്തിലേക്ക് ഉയര്‍ന്നിരുന്നു. മടികൈ പഞ്ചായത്തില്‍ നിലവില്‍ 30 ശതമാനമാണ് ടിപിആര്‍. 200ല്‍ താഴെ ആളുകള്‍ മാത്രമേ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കയുള്ളുവെന്നാണ് സിപിഎം പറയുന്നത്. എന്നാല്‍ വൊളണ്ടിയര്‍മാര്‍ കൂടി ചേരുമ്പോള്‍ 300നടുത്ത് ആളുകള്‍ സമ്മേളനത്തിന്റെ ഭാഗമാകും. 600 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വേദിയാണെന്നും സാമൂഹിക അകലം ഉള്‍പ്പെടെയുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിക്കുമെന്നുമാണ് സിപിഎം ജില്ല നേതൃത്വം പറയുന്നത്.

തൃശൂരില്‍ 500ലധികം പേര്‍ക്ക് ഇരിക്കാവുന്ന ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ 175 പേര്‍ മാത്രമാണ് പങ്കെടുക്കുന്നതെന്നാണ് സിപിഎം ജില്ല നേതൃത്വത്തിന്റെ വിശദീകരണം. അതേസമയം 175 പ്രതിനിധികള്‍ക്ക് പുറമേ 11 ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും മറ്റു മേല്‍കമ്മറ്റികളില്‍ നിന്നുള്ള അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കും. ഇതിനുപുറമേ വൊളണ്ടിയര്‍മാരും വേദിയിലുണ്ടാകും. നിലവില്‍ ജില്ലയിലെ കോവിഡ് സാഹചര്യം അതീവ ഗൗരവതരമാണ്. കഴിഞ്ഞ ദിവസം മാത്രം 2622 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി 30 ശതമാനത്തിന് മുകളിലാണ് ജില്ലയിലെ ടിപിആര്‍ നിരക്ക്. 28 ക്ലസ്റ്ററുകളും ഇതുവരെ ജില്ലയില്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതിനിടെയാണ് ജില്ല സമ്മേളനവുമായി സിപിഎം മുന്നോട്ടുപോകുന്നത്.

Related Articles

Back to top button