ഗവര്‍ണറെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ സിപിഎം: പ്രത്യേക നിയമസഭ സമ്മേളനവും പാഴായേക്കും
NewsKeralaPolitics

ഗവര്‍ണറെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നറിയാതെ സിപിഎം: പ്രത്യേക നിയമസഭ സമ്മേളനവും പാഴായേക്കും

തിരുവനന്തപുരം: ഓര്‍ഡിനന്‍സുകള്‍ ബില്ലാക്കാന്‍ പിണറായി സര്‍ക്കാര്‍ പ്രത്യേക നിയമസഭ സമ്മേളനം വിളിക്കുന്നത് പാഴായേക്കും. കാലാവധി കഴിഞ്ഞ 11 ഓര്‍ഡിനന്‍സുകള്‍ ബില്ലുകളാക്കി ഗവര്‍ണറുടെ അംഗീകാരത്തിനയച്ചാലും ഗവര്‍ണര്‍ ഒപ്പിടുന്നതുവരെ ബില്ലുകള്‍ സാധുവാകില്ല. സിപിഎമ്മും സര്‍ക്കാരും ഗവര്‍ണറെ പരസ്യമായി വെല്ലുവിളിക്കുമ്പോള്‍ നിയമസഭ പാസാക്കിയ ബില്ലുകള്‍ കണ്ണുംപൂട്ടി ഗവര്‍ണര്‍ ഒപ്പിട്ട് നല്‍കാന്‍ സാധ്യത കുറവാണ്.

നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിട്ട് നല്‍കാന്‍ ഭരണഘടനാപ്രകാരം ഗവര്‍ണര്‍ക്ക് സമയപരിധി വച്ചിട്ടില്ല. മതിയായ കാരണങ്ങളുണ്ടെങ്കില്‍ ബില്‍ തിരിച്ചയയ്ക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കുണ്ട്. സര്‍ക്കാരിന്റെ നിയമ നിര്‍ദേശങ്ങള്‍ ഗവര്‍ണര്‍ക്ക് അംഗീകരിക്കുകയോ, അംഗീകരിക്കാതിരിക്കുകയോ, പുനഃപരിശോധിക്കാന്‍ തിരിച്ച് അയയ്ക്കുകയോ, രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയയ്ക്കുകയോ ചെയ്യാം. മുന്‍പ് ഗവര്‍ണറായിരുന്ന ജസ്റ്റിസ് പി. സദാശിവം അടക്കം ഈ അധികാരം ഉപയോഗിച്ചിട്ടുണ്ട്.

ഗവര്‍ണര്‍ ബില്‍ തിരിച്ചയച്ചാല്‍ ആറ് മാസത്തിനകം നിയമസഭ വീണ്ടും പരിഗണിച്ച് ഭേദഗതികളോടെയോ അല്ലാതെയോ വീണ്ടും ഗവര്‍ണര്‍ക്ക് അയയ്ക്കാം. ഗവര്‍ണര്‍ ബില്‍ പിടിച്ചുവച്ചാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാവില്ല. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളില്‍ പരമപ്രധാനമായി കണക്കാക്കപ്പെടുന്ന ലോകായുക്തയുടെ അധികാരം വെട്ടിക്കുറയ്ക്കാനുള്ള ബില്‍ പാസാക്കി ഗവര്‍ണറുടെ അംഗീകാരം വാങ്ങുക എന്നത് പ്രധാന കടമ്പയാണ്. കാരണം മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്തയില്‍ കേസ് നിലവിലുണ്ട്. ഈ കേസില്‍ വിധി പിണറായിക്കെതിരാവുകയാണെങ്കില്‍ രാജിവയ്‌ക്കേണ്ടി വരും.

കേരളത്തില്‍ ഓര്‍ഡിനന്‍സ് രാജാണെന്ന രീതിയില്‍ ഗവര്‍ണര്‍ വിമര്‍ശനമുന്നയിച്ചിട്ടുണ്ട്. ഇതുകൂടി പരിഗണച്ചാണ് പ്രത്യേക നിയമസഭ സമ്മേളനം വിളിച്ച് ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തിരിക്കുന്നത്. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സ്, കേരള മാരിടൈംബോര്‍ഡ് ഭേദഗതി, തദ്ദേശസ്വയംഭരണ പൊതുസര്‍വീസ് ഭേദഗതി, പിഎസ്‌സി കമ്മിഷന്‍ ഭേദഗതി, കേരള സ്വകാര്യവനം നിക്ഷിപ്തമാക്കലും പതിച്ചുനല്‍കലും ഭേദഗഗതി, വ്യവസായവികസനവും വ്യവസായ ഏകജാലകബോര്‍ഡും, കേരള പൊതുമേഖലാ നിയമനബോര്‍ഡ്, കേരള ജ്വല്ലറി വര്‍ക്കേഴ്സ് ക്ഷേമനിധിബോര്‍ഡ്, ലൈവ് സ്റ്റോക്ക് ആന്‍ഡ് പൗള്‍ട്രീ ഫീഡ് നിയമഭേദഗതി, കേരള സഹകരണ സൊസൈറ്റീസ് ഭേദഗതി എന്നിവയും നിയമസഭ സെലക്ട് കമ്മിറ്റിയുടെ പരിഗണനയിലുള്ള പൊതുജനാരോഗ്യബില്ലും സഭയിലെത്തിയേക്കും.

ദുരിതാശ്വാസ നിധി മുഖ്യമന്ത്രി ദുരുപയോഗം ചെയ്തു എന്നാരോപിച്ച് മുഖ്യമന്ത്രിക്കെതിരെ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ്. ശശികുമാര്‍ ലോകായുക്തയില്‍ ഫയല്‍ ചെയ്ത കേസില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് വന്നത്. ഈ ഓര്‍ഡിനന്‍സിനെതിരെ ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ലോകായുക്തയുടെ തീര്‍പ്പ് തങ്ങളുടെ വിധിക്ക് വിധേയമായിരിക്കുമെന്ന് അന്നുതന്നെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് റദ്ദായ സാഹചര്യത്തിലാണ് ഹര്‍ജിക്കാരനായ ശശികുമാര്‍ വീണ്ടും കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. ശശികുമാറിന്റെ ഹര്‍ജി ഹൈക്കോടതി അടിയന്തരമായി പരിഗണിക്കുകയും ഗവര്‍ണര്‍ ബില്‍ ഒപ്പിടാന്‍ വൈകിക്കുകയും ചെയ്താല്‍ ലോകായുക്തയുടെ വിധി നിര്‍ണായകമാകും.

Related Articles

Post Your Comments

Back to top button