ജലീലിനെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം വിയര്‍ക്കുന്നു
KeralaNewsPolitics

ജലീലിനെ തള്ളാനും കൊള്ളാനും വയ്യാതെ സിപിഎം വിയര്‍ക്കുന്നു

മലപ്പുറം: സിമിയിലൂടെ വളര്‍ന്ന് മുസ്ലീംലീഗിലെത്തി ഇടത് പക്ഷത്തിന്റെ സ്വതന്ത്ര എംഎല്‍എ ആയി മാറിയ കെ.ടി. ജലീലിനെ തള്ളാനും കൊള്ളാനുമാകാതെ സിപിഎം വിയര്‍ക്കുന്നു. മന്ത്രിപദത്തില്‍ നിന്ന് പുറത്തുവന്നിട്ടും വിവാദങ്ങളഴിച്ചുവിടുന്നത് വിനോദമാക്കിയിരിക്കുകയാണ് ജലീല്‍. ബന്ധുനിയമനം മുതലിങ്ങോട്ട് ജലീല്‍ മാധ്യമങ്ങളില്‍ വിവാദനായകനായി നിറഞ്ഞുനില്‍ക്കുകയാണ്.

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഖുറാന്‍ കൊണ്ടുവന്ന കേസില്‍ ജലീലിന്റെ നിരപരാധിത്വം ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. അതിന് പിന്നാലെ എആര്‍ നഗര്‍ സഹകരണ ബാങ്കിലെ അഴിമതി ഇഡി അന്വേഷിക്കണമെന്ന വിവാദ പ്രസ്താവനയുമായി ജലീല്‍ രംഗത്തെത്തി. ഇത് സിപിഎമ്മിനെ എത്തിച്ചത് ത്രിശങ്കു സ്വര്‍ഗത്തിലാണ്. ഇഡി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ചെകുത്താന്‍ കുരിശ് കണ്ട അവസ്ഥയാണ് സിപിഎമ്മിന്. അവസാനം ജലീലിന്റെ പ്രസ്താവനയെ മുഖ്യമന്ത്രി ഇടപെട്ട് തിരുത്തി.

പിന്നാലെ സ്വപ്‌ന മാധ്യമം ദിനപത്രം പൂട്ടിക്കാന്‍ ജലീല്‍ ഇടപെട്ടെന്ന ആരോപണവുമായി രംഗത്തെത്തി. താന്‍ ഇടപെട്ടത് ശരിയാണെന്ന് ജലീല്‍ സമ്മതിക്കുന്ന വിധത്തില്‍ ഫേസ്ബുക്ക് പോസ്റ്റും പ്രസിദ്ധീകരിച്ചു. ഇക്കാര്യത്തില്‍ ജലീലിനെ നേരിട്ട് കണ്ടതിന് ശേഷം അഭിപ്രായം പറയാമെന്ന നിലപാടാണ് അന്ന് മുഖ്യമന്ത്രി സ്വീകരിച്ചത്. ഇപ്പോള്‍ കശ്മീരിനെ സംബന്ധിച്ച വിവാദ പ്രസ്താവനയിലും മുഖ്യമന്ത്രി മൗനം ഭഞ്ജിച്ചിട്ടില്ല. ജലീലിന്റെ പരാമര്‍ശത്തില്‍ സിപിഎമ്മിന് കടുത്ത വിയോജിപ്പുണ്ടെങ്കിലും ജലീലിനെ തള്ളിപ്പറയാന്‍ തയാറായിട്ടില്ല.

ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ ജലീലിനെതിരെ കേരള പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. കേസെടുത്താലും ജാമ്യമില്ല വകുപ്പുകള്‍ ചുമത്താനും സാധ്യത കുറവാണ്. ജലീലിനെ പിണക്കി മുന്നോട്ട് പോവാനാവില്ലെന്ന തിരിച്ചറിവാണ് ഇതിന് കാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ലോകായുക്തയ്ക്കും ജസ്റ്റിസ് സിറിയക് ജോസഫിനും എതിരെ ജലീല്‍ രംഗത്തെത്തിയപ്പോഴും സിപിഎം ഒന്നും മിണ്ടിയിട്ടില്ല. മലപ്പുറത്ത് ഇടത് പക്ഷത്തിന്റെ മുഖമായാണ് ജലീലിനെ സിപിഎം കാണുന്നത്.

സ്വപ്‌ന സുരേഷിനെതിരെ ജലീല്‍ പരാതി നല്‍കിയപ്പോള്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് മുന്നോട്ടുപോയ കേരള സര്‍ക്കാര്‍ സമാന ആരോപണം ജലീലിനെതിരെ വരുമ്പോള്‍ മൗനം പാലിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഡല്‍ഹിയിലെ പോലീസ് ജലീലിനെ അറസ്റ്റ് ചെയ്യുമെന്ന ഭയത്താലാണ് അദ്ദേഹം നിയമസഭ സമിതിയുടെ പരിപാടികള്‍ അവസാനിക്കുന്നതിന് മുമ്പ് കേരളത്തിലെത്തിയതെന്നാണ് പറയുന്നത്.

പരമാവധി ജലീലിനെ അദൃശ്യമായി സംരക്ഷിക്കുകയും പുറമെ തള്ളുന്ന വിധത്തില്‍ പ്രതികരിക്കുകയുമാണ് സിപിഎം ഇപ്പോള്‍ ചെയ്യുന്നത്. ജലീലിനെ തൊട്ടാല്‍ പൊള്ളുമെന്ന് പാര്‍ട്ടിക്ക് ഉത്തമ ബോധ്യമുള്ളതിനാലാണ് അവിടെയും ഇവിടെയുമല്ലാത്ത നയവുമായി മുന്നോട്ടുപോകുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

Related Articles

Post Your Comments

Back to top button