കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; കര്‍ഷകമോര്‍ച്ച പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും
NewsLocal News

കാര്‍ഷിക മേഖലയിലെ പ്രതിസന്ധി; കര്‍ഷകമോര്‍ച്ച പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും

കണ്ണൂര്‍: കാര്‍ഷിക മേഖലയില്‍ ഗുരുതരമായ പ്രതിസന്ധി നേരിടുന്ന കേരളത്തില്‍ കഴിഞ്ഞ കാലങ്ങളില്‍ ഭരണം നടത്തിയിരുന്ന മുന്നണികള്‍ക്കെതിരെയും പ്രത്യേകിച്ച് ഇപ്പോള്‍ അധികാരത്തിലിരിക്കുന്ന ഇടത് സര്‍ക്കാരിനെതിരെയും കുറ്റപത്രം തയ്യാറാക്കി പ്രക്ഷോഭപരിപാടിക്ക് രൂപം കൊടുക്കാന്‍ കണ്ണൂരില്‍ ചേര്‍ന്ന കര്‍ഷകമോര്‍ച്ച സംസ്ഥാന കമ്മറ്റിയോഗം തീരുമാനിച്ചു. കുറ്റപത്രം തയ്യാറാക്കുന്നതിന്റെ ഭാഗമായി നവംബര്‍ 15 മുതല്‍ പ്രാദേശിക തലങ്ങളില്‍ കര്‍ഷക സമ്മേളനങ്ങള്‍ സംഘടിപ്പിക്കും. കേരളത്തിലെ കാര്‍ഷിക മേഖലയില്‍ സമഗ്രമായ മാറ്റങ്ങള്‍ക്ക് രൂപം കൊടുക്കാന്‍ തിരുവനനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ പ്രമുഖരെ പങ്കെടുപ്പിച്ച് കൊണ്ട് കാര്‍ഷിക സെമിനാറുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.

നരേന്ദ്രമോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഗാന്ധിജയന്തി ദിനം വരെ പൊതുസ്ഥലങ്ങള്‍ ശുചീകരിക്കുക വൃക്ഷത്തൈ നട്ടുപിടിപ്പിക്കുക, മഴക്കുഴി നിര്‍മ്മാണം, ഖാദിയുടെ പ്രചാരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കും. ഖാദി പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍ നിര്‍വ്വഹിച്ചു. കര്‍ഷക മോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ ഷാജി രാഘവന്‍ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം. ഗണേശന്‍, കര്‍ഷക മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ജയസൂര്യന്‍, ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി , കര്‍ഷക മോര്‍ച്ച സംസ്ഥാന ജനറൽ സെക്രട്ടിറിമാരായ അജിഘോഷ്, കെ.ടി. വിപിന്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി ഇ. കൃഷ്ണന്‍ സ്വാഗതവും ജില്ലാ സെക്രട്ടറി സുധീര്‍ ബാബു നന്ദിയും പറഞ്ഞു.

Related Articles

Post Your Comments

Back to top button