നിർഭയയ്ക്ക് സമാനക്രൂരത വീണ്ടും, കൂട്ടബലാൽസംഗത്തിനിരയായ 50 കാരിയുടെ സ്വകാര്യ ഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി.

നിർഭയയ്ക്ക് സമാനമായി വീണ്ടും കൊടും ക്രൂരതയുടെ വിളയാട്ടം. ജാർഖണ്ഡിലെ ഛത്ര ഗ്രാമത്തിൽ 50 കാരിയെ മൂന്ന് യുവാക്കൾ കൂട്ടബലാൽസംഗത്തിനിരയാക്കിയതിന് പിറകെ അവരുടെ സ്വകാര്യഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തിക്കയറ്റി കൊടും ക്രൂരതയുടെ വിളയാട്ടമാണ് നടത്തിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ ആണ് മനുഷ്യ മനസാക്ഷിയെ വേദനിപ്പിക്കുന്ന ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് രാജ്യത്തെ നടുക്കിയ അക്രമം ജാർഖണ്ഡിലെ ഛത്ര ഗ്രാമത്തിൽ അരങ്ങേറുന്നത്. മുൾച്ചെടികൾ മാത്രമുള്ള വിജനമായ സ്ഥലത്ത് വിസർജനത്തിനായി പോയ സ്ത്രീയെ മൂന്ന് പുരുഷൻമാർ തട്ടിക്കൊണ്ട് പോകുകയായിരുന്നു. സംഘം ചേർന്ന് അവർ 50 കാരിയെ ക്രൂരമായി പീഡിപ്പിച്ചു. തുടർന്ന് അവരുടെ സ്വകാര്യഭാഗത്ത് സ്റ്റീൽ ഗ്ലാസ് കുത്തി കയറ്റുകയായിരുന്നു. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും ഭീഷണിപ്പെടുത്തുകയുണ്ടായി. സ്ത്രീയെ മണിക്കൂറുകൾ കഴിഞ്ഞിട്ടും കാണാതായതോടെയാണ് കുടുംബാംഗങ്ങൾ തിരയുന്നത്. രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ ആണ് അവരെ ബന്ധുക്കൾ കണ്ടെത്തുന്നത്.
തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ച സ്ത്രീയെ പിന്നീട് ഗയയിലെ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.നിലവിൽ ആ സ്ത്രീ ജീവനായി മല്ലിടുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേസിൽ രണ്ടു പേരെയാണ് പൊലീസിന് അറസ്റ്റ് ചെയ്യാനായത്. മൂന്നാമത്തെ ആൾ ഒളിവിലാണ്. ഇയാളെ ഉടൻ തന്നെ പിടികൂടുമെന്നും അർഹിക്കുന്ന ശിക്ഷ നൽകാനുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും ആണ് പൊലീസ് പറയുന്നത്.