ഡി ലിറ്റ് നിഷേധിച്ചത് സമ്മര്‍ദം കൊണ്ട്: വൈസ് ചാന്‍സലര്‍
NewsKeralaPoliticsEducation

ഡി ലിറ്റ് നിഷേധിച്ചത് സമ്മര്‍ദം കൊണ്ട്: വൈസ് ചാന്‍സലര്‍

തിരുവനന്തപുരം: രാഷ്ട്രപതിക്ക് ഡി ലിറ്റ് നിഷേധിച്ച് ഗവര്‍ണര്‍ക്ക് നല്‍കിയ കത്ത് സമ്മര്‍ദം കൊണ്ട് എഴുതിയതാണെന്ന് സമ്മതിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വി.പി. മഹാദേവന്‍ പിള്ള. മനസ് പതറുമ്പോള്‍ കൈവിറച്ച് പോകുന്ന സാധാരണത്വം ഒരു കുറവായി കാണുന്നില്ലെന്നാണ് അദ്ദേഹം പ്രസ്താവനയില്‍ പറയുന്നത്. ഗുരുഭൂതന്‍മാരുടെ നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പരമാവധി ശ്രമിക്കുമെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിന്റെ ഗ്രാമറും സ്‌പെല്ലിംഗും തെറ്റാതിരിക്കാന്‍ പരമാവധി ജാഗരൂകനാണെന്നും വിസി പറയുന്നു. കത്തിനെതിരെ ഗവര്‍ണര്‍ നടത്തിയ അതിരൂക്ഷ വിമര്‍ശനത്തിനാണ് മറുപടി. രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ശുപാര്‍ശ തള്ളിയെന്ന് ഗവര്‍ണര്‍ പരസ്യമായി സ്ഥിരീകരിച്ചിരുന്നു. പുറത്തുനിന്നുള്ള നിര്‍ദേശം കൊണ്ടാണ് സിന്റിക്കേറ്റ് യോഗം വിളിക്കാതെ ശുപാര്‍ശ തള്ളേണ്ടിവന്നതെന്ന് കേരള വിസി അറിയിച്ചെന്നും ഗവര്‍ണര്‍ വെളിപ്പെടുത്തി.

ശുപാര്‍ശ തള്ളിയതിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിനെ വിളിച്ചെങ്കിലും സംസാരിക്കാനായില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ചാന്‍സലറുടെ ശുപാര്‍ശ ധിക്കരിച്ച് എഴുതിയ കത്തിലെ ഭാഷ അത്യന്തം ലജ്ജാകരമെന്ന് പറഞ്ഞ് കേരള വിസിക്കെതിരെ ഗവര്‍ണര്‍ തുറന്നടിച്ചിരുന്നു. കേരള വിസിയെ കടന്നാക്രമിച്ചും മുഖ്യമന്ത്രിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയുള്ള ഗവര്‍ണറുടെ തുറന്ന പറച്ചില്‍ ഡി ലിറ്റ് വിവാദത്തിലെ നിര്‍ണായക വഴിത്തിരിവായിരുന്നു.

Related Articles

Post Your Comments

Back to top button