14 സെന്റ് ഭൂമിയും വീടും തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു, അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു
NewsKeralaCrime

14 സെന്റ് ഭൂമിയും വീടും തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ വിഷം കൊടുത്ത് കൊന്നു, അച്ഛനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചു

കുന്നംകുളം: സ്വത്ത് തട്ടിയെടുക്കാന്‍ മകള്‍ അമ്മയെ എലി വിഷം കൊടുത്ത് കൊന്നു. 14 സെന്റ് ഭൂമിയും വീടും തട്ടിയെടുക്കാനായിരുന്നു കൊലപാതകം. കീഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രന്റെ ഭാര്യ രുഗ്മിണി(58) ആണ് മരിച്ചത്. സംഭവത്തില്‍ മകള്‍ ഇന്ദുലേഖയെ(39) പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ അച്ഛനേയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പോലീസ് അറിയിച്ചു. കീടനാശിനി ചായയില്‍ കലര്‍ത്തിയായിരുന്നു കൊലപാതക ശ്രമം. എന്നാല്‍ രുചിമാറ്റം തോന്നിയതിനെത്തുടര്‍ന്ന് അച്ഛന്‍ ചായ ഉപേക്ഷിക്കുകയായിരുന്നു. പാറ്റയെ കൊല്ലാനുള്ള കീടനാശിനിയാണ് അച്ഛന്റെ ചായയില്‍ കലര്‍ത്തി നല്‍കിയതെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.

വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അറിയാതെ ഇന്ദുലേഖ സ്വര്‍ണാഭരണങ്ങള്‍ പണയപ്പെടുത്തി എട്ട് ലക്ഷത്തിലധികം രൂപ വായ്പയെടുത്തിരുന്നു. ഈ ബാധ്യത ഭര്‍ത്താവ് അറിയാതെ തീര്‍ക്കാനാണ് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുക്കാന്‍ ഇവര്‍ പദ്ധതി തയ്യാറാക്കിയത്. വിഷം ഉള്ളില്‍ ചെന്ന് അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ദുലേഖയും കൂടി ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് വ്യക്തമായതോടെ പോലീസ് വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയതിനെത്തുടര്‍ന്ന് ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇവര്‍ കുറ്റം സമ്മതിച്ചത്. ഇവര്‍ അമ്മയെ കൊലപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അച്ഛനും മൊഴി നല്‍കി. ഗൂഗിളില്‍ തെരഞ്ഞപ്പോഴാണ് വിഷം കൊടുത്തു കൊല്ലാനുള്ള പദ്ധതി ഇവര്‍ക്ക് ലഭിച്ചതെന്നും പോലീസ് പറയുന്നു. ഉത്സവപ്പറമ്പുകളില്‍ ബലൂണ്‍ കച്ചവടം നടത്തുന്നയാളാണ് ചന്ദ്രന്‍.

Related Articles

Post Your Comments

Back to top button