ദാവൂദ് കുടുങ്ങുമോ?; ഡി-കമ്പനിയിലെ രണ്ടു പേര് അറസ്റ്റില്‍

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ രണ്ടു പേരെ എന്‍ഐഎ (ദേശീയ അന്വേഷണ ഏജന്‍സി) അറസ്റ്റ് ചെയ്തു. നാല് ദിവസത്തെ ചോദ്യം ചെയ്യലിനുശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
മുംബൈയിലെ അന്ധേരി (പടിഞ്ഞാറ്) സ്വദേശികളായ ആരിഫ് അബൂബക്കര്‍ ഷെയ്ഖ് (59), ഷബീര്‍ അബൂബക്കര്‍ ഷെയ്ഖ് (51) എന്നിവരാണ് എന്‍ഐഎയുടെ വലയിലായത്. ദാവൂദുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരുടെയും അറസ്റ്റ്. ദാവൂദിന്റെ വലംകൈയായ ഛോട്ടാ ഷക്കീലിന്റെ അനുയായികളാണ് ഇവര്‍.
ആയുധക്കടത്ത്, മയക്കുമരുന്ന് കച്ചവടം, ഭീകരവാദം, കള്ളപ്പണം വെളുപ്പിക്കല്‍, വ്യാജ കറന്‍സി, തീവ്രവാദ ഫണ്ടിംഗ് എന്നിവയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ദാവൂദ് ഇബ്രാഹിം, സഹോദരന് അനീസ്, ഛോട്ടാ ഷക്കീല്‍, ടൈഗര്‍ മേമന് എന്നിവര്‍ക്കെതിരെ എന്‍ഐഎ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ 29 സ്ഥലങ്ങളില്‍ എന്‍ഐഎ റെയ്ഡ് നടത്തുകയും ചെയ്തു. പാകിസ്ഥാന് കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഛോട്ടാ ഷക്കീലിനെതിരെ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.